ഇന്ത്യൻ വ്യോമസേനക്ക് തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾ ഉടൻ കൈമാറും
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾ കൈമാറ്റം ചെയ്യാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ). സെപ്റ്റംബറിൽ രണ്ട് യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് പറഞ്ഞു. 83 തേജസ് മാർക്ക്-1എ ജെറ്റുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്.എ.എല്ലുമായി 48,000 കോടി രൂപയുടെ കരാർ 2021 ഫെബ്രുവരിയിലാണ് ഒപ്പിട്ടത്. വിതരണത്തിലെ കാലതാമസത്തിൽ വ്യോമസേന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വിമാനങ്ങൾ ഉടൻ കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
യു.എസ് പ്രതിരോധ കമ്പനിയായ ജി.ഇ എയ്റോസ്പേസ് എയ്റോ എൻജിനുകൾ വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനാലാണ് സമയപരിധിക്കുള്ളിൽ വിമാനങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതിരുന്നതെന്നാണ് എച്ച്.എ.എൽ നൽകുന്ന വിശദീകരണം.
അതേസമയം, 97 തേജസ് ജെറ്റുകളുടെ ഒരു ബാച്ച് കൂടി വാങ്ങുന്നതിനായി സർക്കാർ എച്ച്.എ.എല്ലുമായി 67,000 കോടി രൂപയുടെ പുതിയ കരാർ ഒപ്പുവെക്കും. നിലവിലെ കരാറിലെ രണ്ട് തേജസ് വിമാനങ്ങൾ എത്തിച്ചതിനുശേഷം മാത്രമേ പുതിയ കരാറിൽ ഒപ്പിടുകയുള്ളൂവെന്നും നാലോ അഞ്ചോ വർഷത്തേക്കായിരിക്കും കരാർ കാലാവധിയെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.