കർണാടകയിൽ കൗമാര ഗർഭധാരണങ്ങൾ വർധിക്കുന്നു: താലൂക്ക് തലത്തിൽ നിർബന്ധ പരിശോധന

കൗമാരക്കാരായ പെൺകുട്ടികൾ ഗർഭിണിയാകുന്ന കേസുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിർബന്ധ പരിശോധന നടത്താൻ കർണാടക സർക്കാറിന്റെ നിർദേശം . കൗമാരക്കാരിലെ ഗർഭധാരണം ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് 10-18 വയസ്സിനിടയിലുള്ള പെൺകുട്ടികളിലുണ്ടാകുന്ന ഗർഭധാരണങ്ങളെപ്പറ്റി താലൂക്ക് ഹെൽത്ത് ഓഫീസർ നിർബന്ധിത ഓഡിറ്റ് നടത്തണമെന്ന് ഉത്തരവിൽ പറഞ്ഞു.

 

ബെംഗളൂരു: കൗമാരക്കാരായ പെൺകുട്ടികൾ ഗർഭിണിയാകുന്ന കേസുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിർബന്ധ പരിശോധന നടത്താൻ കർണാടക സർക്കാറിന്റെ നിർദേശം . കൗമാരക്കാരിലെ ഗർഭധാരണം ആവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് 10-18 വയസ്സിനിടയിലുള്ള പെൺകുട്ടികളിലുണ്ടാകുന്ന ഗർഭധാരണങ്ങളെപ്പറ്റി താലൂക്ക് ഹെൽത്ത് ഓഫീസർ നിർബന്ധിത ഓഡിറ്റ് നടത്തണമെന്ന് ഉത്തരവിൽ പറഞ്ഞു.

താലൂക്ക് ഹെൽത്ത് ഓഫീസർ ചെയർപേഴ്‌സണായി ഓഡിറ്റ് കമ്മിറ്റികൾക്ക് രൂപംനൽകാൻ നിർദേശിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയാകണം. ഹെൽത്ത് ഇൻസ്പെക്ടർ, ആശ സൂപ്പർവൈസർ, അങ്കണവാടി സൂപ്പർവൈസർ, സ്കൂൾ പ്രതിനിധി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാകണം.

കൗമാരക്കാർക്കിടയിലെ ബാലവിവാഹം, സ്കൂൾ പഠനം നിർത്തൽ, സാമൂഹിക അരക്ഷിതാവസ്ഥ, ഇവർക്കുവേണ്ടി സർക്കാർ നടത്തുന്ന പദ്ധതികളിലെ പോരായ്മകൾ എന്നിവ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള അവലോകനമാണ് ഓഡിറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. കൗമാരക്കാരിലുണ്ടാകുന്ന ഗർഭധാരണം ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലുള്ള റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്തിന് വിവരം കൈമാറണമെന്നും നിർദേശിച്ചു.

വിവാഹിതയായ പ്രായം, വിദ്യാഭ്യാസം, പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം, ഗർഭനിരോധനമാർഗങ്ങളോ കൗൺസലിങ് സേവനങ്ങളോ ലഭ്യമായിരുന്നോ എന്ന കാര്യം, കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക പരിതസ്ഥിതി, അരക്ഷിതാവസ്ഥ, ആരോഗ്യ-പോഷകാഹാര പദ്ധതികളിൽ ഉൾപ്പെട്ടിരുന്നോയെന്ന കാര്യം തുടങ്ങിയവ ഓഡിറ്റിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്തണം. എല്ലാ കേസുകളിലെയും നടപടികൾ രഹസ്യസ്വഭാവത്തോടെ കൈകാര്യംചെയ്യണമെന്നും ഉത്തരവിൽ നിർദേശിച്ചു.