അധ്യാപകർ ഇനി പല ഭാഷകൾ പഠിപ്പിക്കണം: ബഹുഭാഷാ അധ്യാപക പരിശീലന മാതൃകയുമായി എൻ.സി.ഇ.ആർ.ടി

രാജ്യത്തെ സ്കൂളുകളിൽ പുതിയ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് എൻ.സി.ഇ.ആർ.ടി  ഒന്നിലധികം ഭാഷകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രാപ്തരായ അധ്യാപകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എൻ.സി.ഇ.ആർ.ടി ബഹുഭാഷാ വിദ്യാഭ്യാസ മാതൃക തയ്യാറാക്കുന്നു. എൻ.സി.ഇ.ആർ.ടിക്ക് ഡീംഡ് സർവകലാശാല പദവി ലഭിച്ചതിന് പിന്നാലെയാണ് രാജ്യത്തെ അധ്യാപക പരിശീലന മേഖലയിൽ നിർണായകമായ ഈ പരിഷ്കാരം കൊണ്ടുവരുന്നത്.

 

 ന്യൂഡൽഹി : രാജ്യത്തെ സ്കൂളുകളിൽ പുതിയ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് എൻ.സി.ഇ.ആർ.ടി  ഒന്നിലധികം ഭാഷകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രാപ്തരായ അധ്യാപകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എൻ.സി.ഇ.ആർ.ടി ബഹുഭാഷാ വിദ്യാഭ്യാസ മാതൃക തയ്യാറാക്കുന്നു. എൻ.സി.ഇ.ആർ.ടിക്ക് ഡീംഡ് സർവകലാശാല പദവി ലഭിച്ചതിന് പിന്നാലെയാണ് രാജ്യത്തെ അധ്യാപക പരിശീലന മേഖലയിൽ നിർണായകമായ ഈ പരിഷ്കാരം കൊണ്ടുവരുന്നത്.

ഒരു ഭാഷ മാത്രം പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുന്ന നിലവിലെ രീതിക്ക് പകരം, ബിരുദ-ബിരുദാനന്തര-ഗവേഷണ (UG, PG, Research) തലങ്ങളിൽ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും ക്ലാസ് മുറികളിൽ അത് പഠിപ്പിക്കാനുള്ള ബോധനശാസ്ത്ര നൈപുണ്യവും (Pedagogy) വളർത്തിയെടുക്കാനാണ് എൻ.സി.ഇ.ആർ.ടി ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020) മുന്നോട്ടുവെക്കുന്ന മാതൃഭാഷാധിഷ്ഠിത ബഹുഭാഷാ വിദ്യാഭ്യാസ ആശയങ്ങൾക്ക് അനുസൃതമായാണ് പുതിയ മാതൃക രൂപകൽപ്പന ചെയ്യുന്നത്.

അധ്യാപക ക്ഷാമത്തിന് പരിഹാരം: സ്കൂളുകളിൽ കുറഞ്ഞ എണ്ണം വിദ്യാർഥികൾ മാത്രം തിരഞ്ഞെടുക്കുന്ന പ്രാദേശിക/ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാൻ ഓരോ ഭാഷയ്ക്കും പ്രത്യേക അധ്യാപകരെ നിയമിക്കുന്നത് പലപ്പോഴും പ്രായോഗികമല്ല. ഒന്നിലധികം ഭാഷകൾ അറിയാവുന്ന അധ്യാപകരിലൂടെ സ്കൂളുകൾക്ക് കൂടുതൽ ഭാഷാ ഓപ്ഷനുകൾ വിദ്യാർഥികൾക്ക് നൽകാൻ സാധിക്കും. തൊഴിൽ-ഗവേഷണ അവസരങ്ങൾ: ഈ പാഠ്യപദ്ധതി പൂർത്തിയാക്കുന്നവർക്ക് സ്കൂൾ തലത്തിൽ അധ്യാപനം നടത്താനും, ഡാക്ടറൽ (Ph.D) പഠനം പൂർത്തിയാക്കുന്നവർക്ക് അധ്യാപക പരിശീലകരായോ ഭാഷാ ഗവേഷകരായോ പ്രവർത്തിക്കാനും അവസരമുണ്ടാകും.

അതേസമയം, ഒരു അധ്യാപകന് എത്ര ഭാഷകളിൽ പരിശീലനം നൽകണം, പരിശീലനത്തിന്റെ കൃത്യമായ യോഗ്യതാ നിലവാരം എത്രയായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേർന്നായിരിക്കും എൻ.സി.ഇ.ആർ.ടി അന്തിമ തീരുമാനമെടുക്കുക. പദ്ധതിയുടെ കോഴ്‌സ് ഘടനയും പ്രവേശന നടപടികളും ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.