വീടിനകത്ത് ഉറങ്ങിയ അധ്യാപകനും മകളും അവശ നിലയിൽ; ജീവൻ രക്ഷിക്കാനായില്ല

വീടിനകത്ത് ഉറങ്ങിയ അധ്യാപകനും മകളും അവശ നിലയിൽ. മുറിയുടെ മൂലയിലൊളിച്ച പാമ്പിനെ പരിശോധനയിൽ കണ്ടെത്തി . 12കാരിയേയും പിതാവിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

ഫുൽബാനി: വീടിനകത്ത് ഉറങ്ങിയ അധ്യാപകനും മകളും അവശ നിലയിൽ. മുറിയുടെ മൂലയിലൊളിച്ച പാമ്പിനെ പരിശോധനയിൽ കണ്ടെത്തി . 12കാരിയേയും പിതാവിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഡിഷയിലെ ബൌദ്ധ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച പുലർച്ചയോടെയാണ് മുറിയിലെ തറയിൽ പായ വിരിച്ച് കിടന്നിരുന്ന പിതാവിനെയും മകളേയും വീട്ടുകാർ അവശനിലയിൽ കണ്ടെത്തിയത്. 

ഫുൽബാനിയിലെ കാണ്ഡമാൽ സ്വദേശിയായ സുകാന്ത് കൻഹാർ ചാരിചാക്കിൽ കഴിഞ്ഞ അഞ്ച് വർഷമായി അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. 12കാരിയായ മകൾ ലിപിക അവധി ദിവസം പിതാവിനൊപ്പം നിൽക്കാനായി എത്തിയതായിരുന്നു. അധ്യാപകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 

മഴക്കാലത്തിന് പിന്നാലെ കാർഷിക ജോലികൾ സജീവമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പാമ്പുകടിയേൽക്കുന്ന സംഭവങ്ങളിൽ വലിയ രീതിയിലുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. പാമ്പിന്റെ കടിയേൽക്കുന്ന സംഭവങ്ങൾ ഏറിയതിന് പിന്നാലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റി വെനം അടക്കമുള്ളവ കൂടുതലായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ.