തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു
ചെന്നൈ: വിജയിയുടെ ടി.വി.കെ 108 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. വിജയിക്ക് കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആർ.വി ആർലേക്കർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ടി.വി.കെ പിന്തുണ ഔഗദ്യോഗികമായി പ്രഖ്യാപിക്കാത്തതും പ്രതിസന്ധിക്കിടയാക്കുന്നു.
കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്‌ലിം ലീഗ്, എ.എം.എം.കെ പാർട്ടികളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ടി.വി.കെക്ക് കേവല ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിനു പിന്നാലെ വിജയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്ന് ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് പിന്നീട് അറിയിക്കുകയായിരുന്നു.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ തന്റെ മുന്നിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് ഗവർണറുടെ വാദം. സഭയിൽ കേവല ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ടി.വി.കെക്ക് അല്ല, ഗവർണറുടെ സർക്കാർ രൂപീകരണത്തിനാണ് പിന്തുണയെന്നാണ് മുസ്‌ലിം ലീഗ് പ്രഖ്യാപനം. വി.സി.കെയും ഇതുവരെ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
രാത്രി വൈകി വി.സി.കെ മേധാവി തോൽ തിരുമാവളവൻ ഡി.എം.കെ നേതാവ് സ്റ്റാലിനെ സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതാവ് ടി.ടി.വി ദിനകരൻ തനിക്കൊപ്പമുള്ള മന്നാർകുടി എം.എൽ.എ എസ്. കാമരാജ് ടി.വി.കെയ്ക്ക് പിന്തുണ നൽകിയതായി ചില മാധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്നും പറഞ്ഞ് ഗവർണറുടെ അടുത്തെത്തി. തന്റെ പേരിൽ ടി.വി.കെ വ്യാജ കത്തുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടി.ടി.വി ദിനകരൻ പറഞ്ഞു. അതുവരെ വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കണം എന്നുമാണ് ടി.ടി.വി ദിനകരൻ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ടി.വി.കെ തന്റെ പാർട്ടിയുടെ പേരിൽ വ്യാജ പിന്തുണാ കത്ത് ചമച്ചുവെന്ന ആരോപണവുമായി അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ദിനകരന്റെ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെ, എം.എൽ.എ കാമരാജ് കാറിലിരുന്ന് പിന്തുണക്കത്ത് എഴുതുന്ന ദൃശ്യങ്ങൾ ടി.വി.കെ പുറത്തുവിട്ടു. ടി.ടി.വി ദിനകരന്റെ അനുമതിയോടെയാണ് താൻ വിജയിയുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതെന്ന് കാമരാജ് വീഡിയോയിൽ പറയുന്നുണ്ട്. കാമരാജ് സ്വമേധയാ സന്തോഷത്തോടെയാണ് കത്തെഴുതിയതെന്നും ദിനകരൻ ഇപ്പോൾ നുണപ്രചാരണം നടത്തുകയാണെന്നും ടി.വി.കെ നേതൃത്വം ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മൂന്നാം തവണ വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 117 എം.എൽ.എമാരുടെ പിന്തുണക്കത്ത് ലഭിച്ചാലെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുവെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം ടി.വി.കെയെ പിന്തുണക്കാൻ ഇടതുപാർട്ടികൾക്ക് പിന്നാലെ വി.സി.കെയും അണിയുമെന്നാണ് വിവരം. ഇന്നലെ വി.സി.കെ നേതാക്കളെ വിജയ് സന്ദർശിച്ചിരുന്നു. വി.സി.കെ ഔദ്യോഗികമായി കത്ത് നൽകിയാൽ വിജയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാകും. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന നേതൃത്വം ടി.വി.കെയ്ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചെങ്കിലും, വി.സി.കെ വൃത്തങ്ങൾ അതേപടി പിന്തുടരുമെന്ന് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേസമയം ഏറ്റവും വലിയ ഒറ്റ കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗവർണറുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ശത്രുത മറന്ന് ഡി.എം.കെയും എ.ഐ.എ .ഡി.എം.കെയും സർക്കാർ രൂപീകരിക്കാൻ ശ്രിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വഗീയ കക്ഷികളുമായുള്ള കൂട്ട് അവസാനിപ്പിക്കണമെന്നാണ് ഇതിന് ഡി.എം.കെ വെച്ച ഉപാധി.