ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം ; തമിഴ്‌നാട്ടില്‍ പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി സർക്കാർ

 പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന് 44 രൂപയാക്കിയതായി മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് പാല്‍ സംഭരണ വിലയില്‍ ആകെ 6 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉല്‍പാദനച്ചെലവുകള്‍ വര്‍ധിച്ചതായി വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തമിഴ്‌നാട് നിയമസഭാ ചട്ടങ്ങളിലെ റൂള്‍ 110 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

 

 ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന് 44 രൂപയാക്കിയതായി മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് പാല്‍ സംഭരണ വിലയില്‍ ആകെ 6 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഉല്‍പാദനച്ചെലവുകള്‍ വര്‍ധിച്ചതായി വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തമിഴ്‌നാട് നിയമസഭാ ചട്ടങ്ങളിലെ റൂള്‍ 110 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് വിജയ് പറഞ്ഞു. വില വര്‍ധന മൂലം 'ആവിന്‍'ന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഓഗസ്റ്റില്‍ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ റൂള്‍ 110 പ്രകാരം പാല്‍ സംഭരണ വില, മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ മേഖലകളില്‍ നിരവധി പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. അന്ന് പാല്‍ സംഭരണ വില ലിറ്ററിന് 38 രൂപയില്‍ നിന്ന് 41 രൂപയായി ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന് പ്രതിമാസം 30 കോടി രൂപയും പ്രതിവര്‍ഷം 720 കോടി രൂപയും അധിക ചെലവുണ്ടാകുമെന്നാണ് വിവരം.

പാല്‍ സംഭരണ വില വര്‍ധന 3.16 ലക്ഷത്തിലധികം പാല്‍ ഉല്‍പാദകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ലിറ്ററിന് നല്‍കുന്ന ഇന്‍സെന്റീവ് 3 രൂപയില്‍ നിന്ന് 5 രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.