ടിവികെ എംഎല്‍എ വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തില്‍ ആരോപണം തള്ളി തമിഴ്‌നാട് സര്‍ക്കാര്‍


സമൂഹമാധ്യമങ്ങളില്‍ കണ്ടത് ഏറ്റെടുത്ത് കനിമൊഴി പറയുന്നത് ശരിയാണോ? 

 

കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഗ്‌നേഷിനെതിരെ ഉയര്‍ന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ടിവികെ എംഎല്‍എ വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തില്‍ ആരോപണം തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെ എംപി കെ കനിമൊഴിയുടേത് വ്യാജ ആരോപണമാണെന്ന് നിയമമന്ത്രി സി ടി ആര്‍ നിര്‍മല്‍ കുമാര്‍ പ്രതികരിച്ചു. അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഗ്‌നേഷിനെതിരെ ഉയര്‍ന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.


സമൂഹമാധ്യമങ്ങളില്‍ കണ്ടത് ഏറ്റെടുത്ത് കനിമൊഴി പറയുന്നത് ശരിയാണോ? കനിമൊഴി ആണ് ഇത് തുടങ്ങിയത്. നാളെ കനിമൊഴിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും വന്നാല്‍ എന്തുണ്ടാകും? ടിവികെ എംഎല്‍എമാരെ മൂന്ന് ദിവസം റിസോര്‍ട്ടില്‍ താമസിപ്പിക്കും എന്ന് ചില മാധ്യമങ്ങള്‍ പറഞ്ഞു. അത് പോലെ വ്യാജവാര്‍ത്ത ആണ് ഇതുമെന്നും മന്ത്രി പറഞ്ഞു.

കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഗ്‌നേഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണം ഏറ്റെടുത്താണ് കനിമൊഴിയും രംഗത്തെത്തിയത്. ടിവികെ എംഎല്‍എമാരില്‍ നിന്ന് ജില്ലാ കളക്ടര്‍മാക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ക്ക് എംഎല്‍എയില്‍ നിന്ന് അശ്ലീല സന്ദേശം ലഭിച്ചുവെന്നും എംഎല്‍എ മദ്യലഹരിയില്‍ കളക്ടറുടെ വസതിയില്‍ എത്തിയെന്നും കനിമൊഴി ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അരുള്‍ വിഗ്‌നേഷ് എംഎല്‍എ പ്രതികരിച്ചിരുന്നു. ഇതെല്ലാം വെറും വ്യാജപ്രചാരണങ്ങളാണെന്നും കനിമൊഴി തനിക്കെതിരെ മോശം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ എംഎല്‍എ, സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളുമുള്ള കളക്ടറുടെ വസതിയില്‍ തനിക്ക് എങ്ങനെ അതിക്രമിച്ചു കയറാനാകുമെന്നും ചോദിച്ചു. വിവാദത്തിനിടെ മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി ജോസഫ് വിജയ് പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തിരുന്നു.