ടയർ പൊട്ടിത്തെറിച്ച തമിഴ്നാട് സർക്കാർ ബസ് കാറുകളിൽ ഇടിച്ച് അപകടം ; ഒമ്പത് മരണം
Dec 25, 2025, 10:00 IST
ചെന്നൈ: കടലൂർ ജില്ലയിൽ തിട്ടക്കുടിക്ക് സമീപം ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് സർക്കാർ ബസും എതിരെവന്ന കാറുകളും കൂട്ടിയിടിച്ച് ഒമ്പതു പേർ മരിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
തിരുച്ചിയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോൾ മുൻഭാഗത്തെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡർ തകർത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളിൽ ഇടിച്ചാണ് അപകടം.
രണ്ട് കാറുകളും നിശ്ശേഷം തകർന്നു. ഇതിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. സംഭവസ്ഥലത്ത് ഏഴുപേർ മരിച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു. രാമനാഥം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് ചെന്നൈ- തിരുച്ചി ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.