തമിഴ്‌നാട് നിയമസഭയില്‍ നാടകീയ സംഭവവികാസങ്ങള്‍; ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയിൽ നിന്നും ഇറങ്ങിപ്പോയി
ദേശീയഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഇന്ന് രാവിലെ 9.30 നാണ് തമിഴ്‌നാട് നിയമസഭയുടെ 2026ലെ ആദ്യ സമ്മേളനത്തിന് തുടക്കമായത്
ചെന്നൈ: ദേശീയഗാനം ആലപിക്കാത്തതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്ന് രാവിലെ 9.30 നാണ് തമിഴ്‌നാട് നിയമസഭയുടെ 2026ലെ ആദ്യ സമ്മേളനത്തിന് തുടക്കമായത്. തമിഴ് തായ് ആശംസകളോടെയാണ് തുടക്കം. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ രവി ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ് തായ് ആശംസ മാത്രമാണ് ആദ്യമെന്നും, ദേശീയഗാനം ആദ്യം ആലപിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ദേശീയഗാനത്തെ അപമാനിക്കാനാവില്ലെന്നും, ആലപിക്കണമെന്നും ഗവര്‍ണര്‍ ശഠിച്ചു.
നിയമസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഗവര്‍ണര്‍ പാലിക്കണമെന്നും, നയപ്രഖ്യാപന പ്രസംഗം വായിക്കാനും സ്പീക്കര്‍ നിര്‍ദേശിച്ചു. തന്റെ ഉത്തരവാദിത്തങ്ങള്‍ തനിക്കറിയാമെന്ന് ഗവര്‍ണറും പ്രതികരിച്ചു. തുടര്‍ന്ന് നിയമസഭയില്‍ അംഗങ്ങള്‍ക്ക് മാത്രമാണ് അഭിപ്രായം പറയാനാവൂ എന്നും, മറ്റൊരാള്‍ക്കും അതിനവകാശമില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതിനിടെ ഗവര്‍ണറുടെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ രവി സഭ വിട്ടിറങ്ങുകയുമായിരുന്നു.
തുടര്‍ന്ന് സ്പീക്കര്‍ എന്‍ അപ്പാവു നയപ്രഖ്യാപനം നിയമസഭ പാസ്സാക്കിയതായി പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗം ഇനി മുതല്‍ വേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.