തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു

തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കേ പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു.

 

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വ്യാഴാഴ്ച പുതിയ ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കേ പൊടുന്നനെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ജയം രവി നായകനായ 'ദീപാവലി' എന്ന സിനിമയുടെ സംഭാഷണ രചയിതാവായാണ് സിനിമയിലെത്തിയത്. 2011-ല്‍ കാര്‍ത്തി നായകനായ 'സഗുനി' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. വിഷ്ണുവിശാല്‍ നായകനായ 'വീരധീരസൂരന്‍' ആയിരുന്നു രണ്ടാമത്തെ ചിത്രം. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം യോഗി ബാബുവിനെ പുതിയ ചിത്രം സംവിധാനം ചെയ്യാനിരിക്കെയാണ് മരണം.

ഈ ചിത്രത്തിൻറെ ഭാഗമായാണ് വ്യാഴാഴ്ച ചെന്നൈ നുംഗംപാക്കത്ത് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. അത് തുടങ്ങുന്നതിനുമുന്‍പാണ് നെഞ്ചുവേദനയുണ്ടായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.