റോഡില്‍ കിടന്നയാളുടെമേൽ വാഹനം ഇടിച്ചു കയറ്റി നിർത്താതെ പോയി; അപകടത്തിൽപെട്ടയാൾ മരിച്ചു; ഇടിച്ച കാർ തമിഴ് നടിയുടേതെന്ന് പോലീസ്   

തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ മരിച്ചു. മദ്യലഹരിയിൽ റോഡില്‍ കിടക്കുകയായിരുന്ന 55കാരനായ മഞ്ജന്റെ ദേഹത്തേക്കാണ് രേഖയുടെ വാഹനം പാഞ്ഞുകയറിയത്. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.
 

ചെന്നൈ: തമിഴ് നടി രേഖ നായരുടെ കാറിടിച്ച് വഴിയില്‍ കിടന്നിരുന്നയാള്‍ മരിച്ചു. മദ്യലഹരിയിൽ റോഡില്‍ കിടക്കുകയായിരുന്ന 55കാരനായ മഞ്ജന്റെ ദേഹത്തേക്കാണ് രേഖയുടെ വാഹനം പാഞ്ഞുകയറിയത്. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ജാഫര്‍ഖാന്‍പേട്ടിലെ അണ്ണൈസത്യ നഗറിലാണ് സംഭവം. 

അപകടത്തിൽ പരുക്കേറ്റ മഞ്ജനെ നാട്ടുകാര്‍ ആദ്യം കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് റായ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവേയായിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഗിണ്ടി ട്രാഫിക് പൊലീസ് സിസിടിവി ഫൂട്ടേജുകള്‍ ശേഖരിച്ചു. ഫൂട്ടേജുകളില്‍ നിന്ന് ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലാണ് നടി രേഖ നായരുടെ കാറാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഡ്രൈവര്‍ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ രേഖ കാറിലുണ്ടായിരുന്നോ, ആ സമയം വാഹനമോടിച്ചത് പാണ്ടിയാണോയെന്നും അന്വേഷിക്കുകയാണ് പൊലീസ്.