‘ഇതെന്റെ നാട് പോലെ അനുഭവപ്പെടുന്നു’ ; ഇന്ത്യ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് താലിബാൻ മന്ത്രി
ന്യൂഡൽഹി: ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച് ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ കൃഷി, ജലസേചന, കന്നുകാലി വികസന മന്ത്രി മൗലവി അതാഉല്ല ഉമരി. കാർഷിക മേഖലയെ ആധുനികവത്കരിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ത്യ–അഫ്ഗാനിസ്ഥാൻ ട്രേഡ് ഓപ്പർച്യൂണിറ്റീസ് ഇൻഡസ്ട്രി ഇന്ററാക്ടീവ് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണിതെന്ന് പറഞ്ഞ ഉമരി, ഡൽഹിയിൽ എത്തിയ നിമിഷം മുതൽ ഇന്ത്യൻ സർക്കാർ, വിദേശകാര്യ മന്ത്രാലയം, കൂടിക്കാഴ്ച നടത്തിയ ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവരും നൽകിയ സ്വീകരണം ഏറെ ഹൃദയസ്പർശിയായിരുന്നുവെന്ന് പറഞ്ഞു.
ഇന്ത്യയിൽ എത്തിയ ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ചത് അതിയായ സ്നേഹപൂർവമായ സ്വീകരണമാണ്. ഇവിടെയെത്തിയപ്പോൾ സ്വന്തം നാട്ടിലാണെന്ന അനുഭവമാണ് ഉണ്ടായത്. സ്വന്തം ജനങ്ങൾക്കിടയിലാണെന്ന തോന്നലാണ് ഉണ്ടായത്. നമ്മുടെ ഡി.എൻ.എ ഒന്നാണെന്ന വികാരമാണുള്ളത് -അദ്ദേഹം പറഞ്ഞു. ഇന്ത്യ നൽകിയ ഈ സ്വീകരണം അഫ്ഗാൻ ജനതക്ക് പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ 80 ശതമാനത്തിലധികം ജനങ്ങളും കൃഷി, ജലസേചനം, കന്നുകാലി വളർത്തൽ എന്നീ മേഖലകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇനി ഈ മേഖലകളെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധുനികവത്കരിക്കേണ്ട സമയമാണ്. അഫ്ഗാനിസ്ഥാൻ ലോകോത്തര നിലവാരമുള്ള പഴങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണെങ്കിലും, വിളവെടുപ്പ്, വിളസംരക്ഷണം, സംഭരണം, വിപണനം എന്നിവയിൽ ആധുനിക സംവിധാനങ്ങളും കർഷകർക്ക് ആവശ്യമായ പരിശീലനവും ഇപ്പോഴും പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.