'താജ്മഹൽ ക്ഷേത്രമായിരുന്നു' ; വിവാദ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി
താജ്മഹൽ ക്ഷേത്രമായിരുന്നെന്ന വിവാദ പരാമർശവുമായി മധ്യപ്രദേശ് നഗര വികസന മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കൈലാഷ് വിജയ് വർഗീയ. താജ്മഹൽ ആദ്യം ഒരു ക്ഷേത്രമായിരുന്നെന്നും പിന്നീട് മുഗൾ ചക്രവർത്തി ഷാജഹാൻ ശവകുടീരമാക്കി മാറ്റിയെന്നുമാണ് മന്ത്രി പറഞ്ഞത്.
ഭോപ്പാൽ: താജ്മഹൽ ക്ഷേത്രമായിരുന്നെന്ന വിവാദ പരാമർശവുമായി മധ്യപ്രദേശ് നഗര വികസന മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കൈലാഷ് വിജയ് വർഗീയ. താജ്മഹൽ ആദ്യം ഒരു ക്ഷേത്രമായിരുന്നെന്നും പിന്നീട് മുഗൾ ചക്രവർത്തി ഷാജഹാൻ ശവകുടീരമാക്കി മാറ്റിയെന്നുമാണ് മന്ത്രി പറഞ്ഞത്.
സാഗർ ജില്ലയിലെ ബിനാ ടൗണിൽ ഒരു ക്രിക്കറ്റ് ടൂർണമെൻറ് ഉദ്ഘാടനത്തിനിടെയാണ് 69കരനായ മന്ത്രി വിവാദ പരാമർശം നടത്തിയത്. ‘മുംതാസിൻറെ മൃതദേഹം ആദ്യം അടക്കം ചെയ്തത് ബുർഹാൻപുരിലായിരുന്നു. പിന്നീട് ക്ഷേത്രം പണിയുന്നൊരു സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് അവിടെ താജ്മഹൽ പണി കഴിപ്പിച്ചത്’ -വിജയ് വർഗീയ പറഞ്ഞു. ഇതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെയും സമാന രീതിയിലുള്ള പരാമർശങ്ങൾ നടത്തി കൈലാഷ് വിവാദത്തിലായിട്ടുണ്ട്. ഇറക്കം കുറഞ്ഞതും ശരീരം പ്രദർശിപ്പിക്കുന്നതുമായ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ തനിക്കിഷ്ടമല്ലെന്ന് മാസങ്ങൾക്കു മുമ്പ് കൈലാഷ് പറഞ്ഞിരുന്നു. അത്തരം വസ്ത്രധാരണം ഇന്ത്യൻ പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും സ്ത്രീകളെ ദേവതകളായാണ് ഇന്ത്യൻ സംസ്‌കാരം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇൻഡോറിൽ വനിത ക്രിക്കറ്റ് ലോകകപ്പിനെത്തിയ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിലും സുരക്ഷ വീഴ്ച മറച്ചുവെച്ച് താരങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്.
സമീപകാലത്തായി നിരന്തരം താജ്മഹലിന് നേരെ ഹിന്ദുത്വ സംഘടനകളും വ്യക്തികളും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നുണ്ട്. താജ്മഹൽ തേജോമഹാലയ എന്ന ഹിന്ദു ക്ഷേത്രമാണെന്നും അതിനകത്ത് ഹൈന്ദവ ആചാരങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ വരെ സമീപിച്ചിരുന്നു.