പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകം : രണ്ടുപേർ അറസ്റ്റിൽ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ചന്ദ്രനാഥ് രാഥിെന്റ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയെന്ന കേസിൽ രണ്ട് സഹോദരന്മാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാഗർ സോങ്കർ, സാഹിബ് സോങ്കർ എന്നിവരാണ് അറസ്റ്റിലായത്.
ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ചന്ദ്രനാഥ് രാഥിെന്റ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയെന്ന കേസിൽ രണ്ട് സഹോദരന്മാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാഗർ സോങ്കർ, സാഹിബ് സോങ്കർ എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രനാഥിനൊപ്പം പ്രവർത്തിച്ചിരുന്ന സാഗർ സോങ്കർ എതിർ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക ഓഫിസുമായി സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
2020 വരെ അദ്ദേഹം ആ പാർട്ടിയിലെ ഒരു എം.എൽ.എക്കൊപ്പം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് ബി.ജെ.പിയിൽ ചേർന്നതായും അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ഡിസംബർ മുതൽ ചന്ദ്രനാഥിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നുവരുകയായിരുന്നുവെന്നും, വാടകക്കൊലയാളികൾക്ക് പണവും കരാറും നൽകിയതിൽ സാഗറിന് പങ്കുണ്ടെന്നുമാണ് സി.ബി.ഐയുടെ ആരോപണം.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കേസിൽ ഇതിനകം ഒമ്പത് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഇപ്പോഴും ഒളിവിലാണ്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥനയെ തുടർന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.