നിതാരി കൊലപാതക പരമ്പരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദ്ര കോലിയുടെ മരണം ; ദുരൂഹത ആരോപിച്ച് കുടുംബം

സുരേന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ ചായക്കടയ്ക്ക് സമീപമുള്ള കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.

 

സുരേന്ദ്ര കോലി ആത്മഹത്യ ചെയ്യില്ലെന്നാണ് ചന്ദന്‍ കോലി പറയുന്നത്.

നിതാരി കൊലപാതക പരമ്പരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദ്ര കോലിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സഹോദരന്റേത് ആത്മഹത്യയല്ലെന്നും മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് സഹോദരന്‍ ചന്ദന്‍ കോലി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സപ്തറിഷി പൊലീസ് സ്റ്റേഷനില്‍ ചന്ദന്‍ കോലി പരാതി നല്‍കി. സഹോദരന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണണെന്നാണ് ചന്ദന്‍ കോലി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുരേന്ദ്ര കോലി ആത്മഹത്യ ചെയ്യില്ലെന്നാണ് ചന്ദന്‍ കോലി പറയുന്നത്. സുരേന്ദ്ര കോലിയുടെ ശരീരത്തില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടിരുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നുമാണ് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടത്. കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒരു കയറും കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയുടെ ലക്ഷണങ്ങളല്ല. സഹോദരന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണം. സുരേന്ദ്രയെ കൊലപ്പെടുത്തിയതെങ്കില്‍ നടപടി വേണമെന്നും ചന്ദന്‍ കോലി പറഞ്ഞു. അതേസമയം സുരേന്ദ്ര കോലിയുടെ മരണത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. സുരേന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ ചായക്കടയ്ക്ക് സമീപമുള്ള കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സുരേന്ദ്രയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനെട്ടിനായിരുന്നു സുരേന്ദ്ര കോലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സുരേന്ദ്ര നടത്തിവന്നിരുന്ന ചായക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരായിരുന്നു സുരേന്ദ്ര കോലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചത് നിതാരി കൊലപാതക പരമ്പര കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയാണെന്ന് വ്യക്തമായത്.

2005-2006 കാലഘട്ടത്തിലായിരുന്നു നോയിഡയിലെ നിതാരിയില്‍ കൊലപാതക പരമ്പര അരങ്ങേറിയത്. 2006 ഡിസംബറില്‍ പ്രദേശത്തെ ഡ്രെയ്നേജില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന മൊനീന്ദര്‍ സിങ് പാന്തറിന്റെ വീടിന് മുന്നില്‍ നിന്നായിരുന്നു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഈ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി