ഇന്ത്യ ഇപ്പോൾ സമ്പന്ന രാജ്യമാണെങ്കിലും ശുചിത്വ പരിപാലനത്തിൽ വളരെ പിന്നിൽ ; സുപ്രീംകോടതി 

ഇന്ത്യ ഇപ്പോൾ സമ്പന്ന രാജ്യമാണെങ്കിലും ശുചിത്വ പരിപാലനത്തിൽ വളരെ പിന്നിലെന്ന് സുപ്രീംകോടതി. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാത്തതിൽ ആശങ്ക പങ്കുവെച്ചാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 

 ന്യൂഡൽഹി: ഇന്ത്യ ഇപ്പോൾ സമ്പന്ന രാജ്യമാണെങ്കിലും ശുചിത്വ പരിപാലനത്തിൽ വളരെ പിന്നിലെന്ന് സുപ്രീംകോടതി. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാത്തതിൽ ആശങ്ക പങ്കുവെച്ചാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവുകളിലെ അപ്പീലുകൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എസ്.വി.എൻ. ഭട്ടി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച്.

‘ഇന്ത്യ ഇപ്പോൾ സമ്പന്ന രാജ്യമാണ്. എന്നാൽ, ശുചിത്വ പരിപാലനത്തിൽ വളരെ പിന്നിലുമാണ്. മറ്റ് മേഖലകളിൽ കൈവരിച്ച വളർച്ച ഈ അനാസ്ഥ മൂലം ഇല്ലാതാകുന്നു’ ഉത്തരവിൽ ബെഞ്ച് നിരീക്ഷിച്ചു. വൃത്തിയില്ലായ്മയും ഖരമാലിന്യ സംസ്കരണവും രാജ്യത്തെക്കുറിച്ച കാഴ്ചപ്പാടിനെത്തന്നെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അധികാരികൾ കർശനമായി ചട്ടങ്ങൾ നടപ്പിലാക്കുകയും പൗരന്മാർ അവ പാലിക്കുകയും വേണം. ഭരണകൂടത്തിന്റെ ഓരോ വിഭാഗവും അവരവരുടെ വഴിക്കാണ് പ്രവർത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

മാലിന്യം സൃഷ്ടിക്കാൻ തനിക്ക് അവകാശമുണ്ട്, എന്നാൽ അത് കൈകാര്യം ചെയ്യുന്നതിനോ അതിന്റെ ആഘാതം നിയന്ത്രിക്കുന്നതിനോ സഹകരിക്കാൻ ബാധ്യതയില്ല എന്ന മനോഭാവം സമൂഹത്തിൽ നിലനിൽക്കുന്നത് ഖേദകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.