വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഉമീദ് പോർട്ടലിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി
വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഉമീദ് പോർട്ടലിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു.പരാതികൾ ബന്ധപ്പെട്ട അധികാരികൾക്കാണ് നൽകേണ്ടതെന്ന് ചീഫ്ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉമീദ് പോർട്ടലിൽ വഖ്ഫ് ബൈ യൂസർ എന്ന കാറ്റഗറിക്ക് കീഴിൽ വഖ്ഫ് ബൈ സർവേ എന്ന വിഭാഗം കൊണ്ടുവന്നതിനെയാണ് അധ്യപ്രദേശ് സ്വദേശിയായ ഹഷ്മത്ത് അലി ഹരജിയിലൂടെ ചോദ്യം ചെയ്തത്. എന്നാൽ, ഹഷ്മത്ത് അലിയുടെത് നിലവിൽ തന്നെ രജിസ്റ്റർ ചെയ്ത വഖ്ഫ് സ്വത്താണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മേൽപ്പറഞ്ഞ പ്രശ്‌നം ഹരജിക്കാരനെ ബാധിക്കുന്നില്ല.
അതിനാൽ ഹരജി പരിഗണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എന്നാൽ, പുതിയ നിയമപ്രകാരം വഖ്ഫ് സ്വത്തുക്കൾ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. രജിസ്‌ട്രേഷൻ പണ്ടേ നിലവിലുണ്ടായിരുന്നു എന്നും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് മാത്രമാണ് പുതിയ കാര്യമെന്നും കോടതി ഇതിന് മറുപടി നൽകി. മധ്യപ്രദേശിലെ വഖ്ഫ് സ്വത്തുക്കളിൽ ഭൂരിഭാഗവും വഖ്ഫ് ബൈ സർവേയാണെന്ന് ഹരജിക്കാരൻ തുടർന്നുവാദിച്ചു. വഖ്ഫ് ബൈ യൂസർ സംസ്ഥാനത്ത് വളരെ കുറവാണ്. അപ്പോൾ വഖ്ഫ് ബൈ സർവേ എന്ന പേരിൽ ഉമീദ് പോർട്ടലിൽ പ്രത്യേക വിഭാഗം തന്നെ വേണം. തെറ്റായ വിഭാഗത്തിൽ വഖ്ഫ് രജിസ്റ്റർ ചെയ്യുന്നത് പിന്നീട് നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ വാദം പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹരജിക്കാരന് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകാവുന്നതാണെന്നും കോടതി പറഞ്ഞു.