കരൂർ ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാരും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
ദില്ലി : കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാരും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
തൊഴിൽ നൽകുന്ന വിഷയങ്ങളിൽ പൊതുതാൽപര്യ ഹർജികൾ നിലനിൽക്കില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ അഭിഷേക് മനു സിങ്‌വി വാദിച്ചു. തുടർന്ന്, ഒരു ദുരന്തത്തിലെ ഇരകൾക്ക് തൊഴിൽ നൽകാൻ സർക്കാർ തീരുമാനിക്കുന്നതിൽ എന്താണ് തടസ്സമെന്ന് സുപ്രീം കോടതി ചോദിച്ചു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണപ്പെടുമ്പോൾ അവരുടെ കുടുംബത്തിന് ആശ്വാസമേകാൻ സർക്കാരിന് തീരുമാനമെടുക്കാം. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് മരണപ്പെട്ടതെങ്കിൽ അവരുടെ മകനോ മകൾക്കോ ജോലി നൽകുന്നതിൽ എങ്ങനെയാണ് തെറ്റ് പറയാൻ സാധിക്കുകയെന്നും ജസ്റ്റിസ് പർദിവാല ആരാഞ്ഞു. ഹർജിയെ എതിർത്ത അഭിഭാഷകൻ രാഷ്ട്രീയ ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, കോടതി മുറിയിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ താക്കീത് നൽകി.