ആസിഡ് റീടെയിൽ വിൽപന പൂർണമായി നിരോധിച്ച് സുപ്രീംകോടതി 

ആസിഡ് ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ വ്യക്തികൾ വഴിയുള്ള ആസിഡിന്റെ റീടെയിൽ വിൽപന പൂർണമായി നിരോധിച്ച് സുപ്രീംകോടതി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വീടുകളിൽ നേരിട്ടെത്തിച്ചും നടത്തുന്ന വിൽപനകൾക്കും നിരോധനം ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

 

 ന്യൂഡൽഹി: ആസിഡ് ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ വ്യക്തികൾ വഴിയുള്ള ആസിഡിന്റെ റീടെയിൽ വിൽപന പൂർണമായി നിരോധിച്ച് സുപ്രീംകോടതി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വീടുകളിൽ നേരിട്ടെത്തിച്ചും നടത്തുന്ന വിൽപനകൾക്കും നിരോധനം ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ചികിത്സാ ആവശ്യങ്ങൾക്കായി സർക്കാർ ആശുപത്രികളോട് അനുബന്ധിച്ചുള്ള ഫാർമസികൾ വഴി മാത്രമേ ആസിഡ് വിൽക്കാൻ പാടുള്ളൂവെന്നും ഇതിന് ബന്ധപ്പെട്ട ചീഫ് മെഡിക്കൽ ഓഫിസറുടെയോ സിവിൽ സർജന്റെയോ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമാക്കണമെന്നും കോടതി വ്യക്തമാക്കി.

കൂടാതെ, ഒരാൾ വാങ്ങിയ ആസിഡ് മറ്റൊരാൾ ദുരുപയോഗം ചെയ്താൽ പോലും അത് വാങ്ങിയ ആളിന്റെ അറിവോടെയല്ലെങ്കിൽ കൂടി വാങ്ങിയ വ്യക്തിക്ക് പരോക്ഷ ബാധ്യതയുണ്ടായിരിക്കുമെന്ന കർശന വ്യവസ്ഥയും കോടതി മുന്നോട്ടുവെച്ചു.

അനുവദനീയമായ വിൽപനകളിൽ വാങ്ങുന്ന ആളുടെ തിരിച്ചറിയൽ രേഖ, മേൽവിലാസം, ഫോൺ നമ്പർ, വാങ്ങുന്ന അളവ്, ആവശ്യം എന്നിവ നിർദിഷ്ട ഫോമിൽ രേഖപ്പെടുത്തണം. പറഞ്ഞ ആവശ്യത്തിന് മാത്രമേ ആസിഡ് ഉപയോഗിക്കൂ എന്ന് വാങ്ങുന്നയാൾ സത്യവാങ്മൂലം നൽകുകയും വേണമെന്ന് കോടതി പറഞ്ഞു.

ആസിഡ് ദുരുപയോഗം ചെയ്യപ്പെട്ടാൽ ഇരകളുടെ ചികിത്സാ ചെലവുകളും നഷ്ടപരിഹാരവും നൽകുന്നതിനായി വാങ്ങുന്നയാളുടെ സ്ഥാവര സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും നിയമപ്രകാരം കണ്ടുകെട്ടുകയും ചെയ്യും.

സമഗ്രമായ നിയന്ത്രണ സംവിധാനം കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉചിതമായ നിയമനിർമാണമോ ചട്ടഭേദഗതിയോ നടത്തണം. പുതിയ നയം രൂപീകരിക്കുന്നതുവരെ 2013ലെ ലക്ഷ്മി കേസിലെ ഉത്തരവുകളും 1919ലെ വിഷനിയമ പ്രകാരമുള്ള ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി.

ആസിഡ് ആക്രമണ അതിജീവിത ഷഹീൻ മാലിക് സമർപ്പിച്ച ഹരജിയിൽ നവംബർ 23നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മുൻകാല ഉത്തരവുകൾ കൃത്യമായി നടപ്പിലാകാത്തതാണ് ആക്രമണങ്ങൾ തുടരാൻ കാരണമെന്ന് കോടതി നിരീക്ഷിച്ചു. 2023-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ച് മിഡിൽ സ്കൂൾ മുതൽ ഉന്നതവിദ്യാഭ്യാസം വരെ ഘട്ടംഘട്ടമായി ആസിഡ് ആക്രമണത്തെ ബോധവൽരിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്നും അതിനായി സമിതി രീപവത്കരിക്കാനും കോടതി ഉത്തരവിറക്കി.

നാൽസ എല്ലാ മൂന്ന് മാസത്തിലൊരിക്കൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ച കോടതി, ഹരജി ഡിസംബർ 14ന് വീണ്ടും പരിഗണിക്കാനായി മാറ്റി.