കൊലക്കേസ് പ്രതിയുടെ അപ്പീൽ 40 വർഷമായിട്ടും തീർപ്പാക്കിയില്ല ; അലഹബാദ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
അലഹബാദ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊലക്കേസ് പ്രതിയുടെ അപ്പീൽ 40 വർഷമായിട്ടും തീർപ്പാക്കാത്തതിനാണ് രൂക്ഷ വിമർശനം. പിഡബ്ല്യുഡി ബെഞ്ച് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, എ എസ് ചന്ദ്രുകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം.
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊലക്കേസ് പ്രതിയുടെ അപ്പീൽ 40 വർഷമായിട്ടും തീർപ്പാക്കാത്തതിനാണ് രൂക്ഷ വിമർശനം. പിഡബ്ല്യുഡി ബെഞ്ച് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, എ എസ് ചന്ദ്രുകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം. അലഹബാദ് ഹൈക്കോടതിയുടെ സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ എന്ത് നൂതന നടപടികളാണ് ആവശ്യമെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ചോദിച്ചു.
1983ലെ കേസാണ് ഇപ്പോഴും തീർപ്പാകാതെ നിൽക്കുന്നത്. അന്ന് 28ാം വയസിൽ സ്വന്തം സഹോദരനെ വെടിവെച്ച് കൊന്ന കേസിൽ അറസറ്റിലായ വിജയ് സിങ്ങിന്റെ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ 1985ൽ വിജയ് സിങ്ങിനെ കാൻപുരിലെ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെ സിങ് നൽകിയ അപ്പീൽ 41 വർഷങ്ങൾക്ക് ശേഷം ഇക്കൊല്ലം ഫെബ്രുവരിയിലാണ് തീർപ്പാക്കിയത്.
41 വർഷങ്ങൾക്ക് ശേഷം അപ്പീൽ ഹൈക്കോടതി തള്ളി. കൊലക്കേസിൽ വിജയ് സിങ്ങിന് മൂന്നുമാസം മാത്രമേ കസ്റ്റഡിയിൽ കഴിയേണ്ടി വന്നുള്ളു, ബാക്കി മുഴുവൻ വർഷവും ജാമ്യത്തിലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇപ്പോൾ ഇയാൾക്ക് 72 വയസാണ്. സുപ്രീം കോടതിയിലെ അപ്പീൽ തീർപ്പാകും വരെ ജാമ്യം തുടരാമെന്ന് ബെഞ്ച് വ്യക്തമാക്കി.
ഈ കേസിനെ മുൻനിർത്തി മാത്രമായിരുന്നില്ല സുപ്രീംകോടതിയുടെ വിമർശനം. കേസ് വേഗം തീർപ്പാക്കാൻ അലഹബാദ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കാറുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വേഗം കേസ് തീർപ്പാക്കാൻ എന്തുചെയ്യാനാകുമെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ദവെ, അഡ്വ. സോഹെബ് ഹുസൈൻ എന്നിവരോട് ചോദിച്ചു. മൂന്നുവർഷത്തിലേറെ തീർപ്പാകാതെ കിടക്കുന്ന പ്രോസിക്യൂഷൻ അപ്പീലുകൾ തള്ളണമെന്നായിരുന്നു ദവെ അഭിപ്രായപ്പെട്ടത്. എന്നാൽ തീർപ്പാകാൻ വൈകുന്നുവെന്ന കാരണത്തിൽ മാത്രം ഹർജി തള്ളുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്ന് സുപ്രീം കോടതി പറഞ്ഞു.