13 വർഷമായി കോമയിൽ കഴിയുന്ന 32കാരൻറെ ദയാവധ ഹർജിയിൽ വിധി മാറ്റിവെച്ച് സുപ്രീം കോടതി
പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണെയ്ക്ക് ദയാവധം അനുവദിക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി അന്തിമവിധി പറയുന്നത് മാറ്റിവെച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2013 മുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന മുപ്പത്തിരണ്ടുകാരനായ ഹരീഷിന്റെ ദുരിതാവസ്ഥ കണക്കിലെടുത്ത് മരണം അനുവദിക്കണമെന്ന് കുടുംബം രണ്ടാം തവണയാണ് കോടതിയെ സമീപിക്കുന്നത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടുകളും കുടുംബത്തിന്റെ വൈകാരികമായ സാഹചര്യവും പരിഗണിച്ച കോടതി, വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി വിധി മാറ്റിവെക്കുകയായിരുന്നു.
ഹരീഷിന്റെ ദയാവധം അനുവദിച്ചാൽ, 2018-ൽ ഇന്ത്യയിൽ ദയാവധം നിയമവിധേയമാക്കിയതിന് ശേഷം കോടതി ഉത്തരവിലൂടെ ജീവൻ അവസാനിപ്പിക്കുന്ന ആദ്യത്തെ കേസായി ഇത് മാറും. 2013 ഓഗസ്റ്റിൽ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. 100 ശതമാനം വൈകല്യം സംഭവിച്ച ഹരീഷ് അന്നുമുതൽ ചലനശേഷിയില്ലാതെ ചികിത്സയിലാണ്. മകന്റെ ചികത്സയ്ക്കായി സ്വന്തം വീടുപോലും വിൽക്കേണ്ടി വന്ന കുടുംബം സാമ്പത്തികമായും മാനസികമായും വലിയ തകർച്ചയെയാണ് നേരിടുന്നത്.
നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയുടെ മുൻ ബെഞ്ചും ഹരീഷിന്റെ അപേക്ഷ തള്ളിയിരുന്നു. ഹരീഷ് പൂർണ്ണമായും മെക്കാനിക്കൽ വെന്റിലേറ്ററിലല്ല കഴിയുന്നതെന്നും ട്രക്കിയോസ്റ്റമി, ഗാസ്‌ട്രോസ്റ്റമി ട്യൂബുകളുടെ സഹായത്തോടെ ശ്വസിക്കാനും ആഹാരം കഴിക്കാനും കഴിയുന്നുണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ, മകന്റെ അവസ്ഥ വീണ്ടും വഷളായെന്നും കൃത്രിമമായി ജീവൻ നിലനിർത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.