രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ സിംഹഭാഗവും സർക്കാറിന്റേതാണ് ; കേന്ദ്രത്തിന് പിഴ ചുമത്തി സുപ്രീം കോടതി
രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ സിംഹഭാഗവും സർക്കാറിന്റേതാണെന്നും കേന്ദ്ര സർക്കാറാണ് ഏറ്റവും വലിയ വ്യവഹാരിയാണെന്നും സുപ്രീം കോടതി. അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുകയാണ് കേന്ദ്രമെന്ന് രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിന് 25,000 രൂപ പിഴയും ചുമത്തി.
ന്യൂഡൽഹി : രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ സിംഹഭാഗവും സർക്കാറിന്റേതാണെന്നും കേന്ദ്ര സർക്കാറാണ് ഏറ്റവും വലിയ വ്യവഹാരിയാണെന്നും സുപ്രീം കോടതി. അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുകയാണ് കേന്ദ്രമെന്ന് രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിന് 25,000 രൂപ പിഴയും ചുമത്തി. വെറും 11 ദിവസത്തെ അനധികൃത അവധിയുടെ പേരിൽ സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ വിധി.
പഞ്ചാബ്-ഹരിയാന ഹൈകോടതി കോൺസ്റ്റബിളിന് നൽകിയ ആശ്വാസം ചോദ്യം ചെയ്ത് കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയെ സമീപിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു എന്ന് കോടതി വ്യക്തമാക്കി. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നു എന്ന് നാം പരാതിപ്പെടുന്നു. എന്നാൽ ആരാണ് ഇവിടെ ഏറ്റവും വലിയ വ്യവഹാരി? എന്ന് ജസ്റ്റിസ് നാഗരത്ന കേന്ദ്രത്തോട് ചോദിച്ചു. ശിക്ഷാനടപടി ക്രമവിരുദ്ധമാണെന്ന് ഹൈകോടതി കണ്ടെത്തിയാൽ അത്തരം കേസുകളിൽ സുപ്രീം കോടതിയിലേക്ക് അപ്പീൽ പോകാതിരിക്കാൻ സർക്കാർ വ്യക്തമായ നിയമോപദേശം തേടണമെന്ന് കോടതി നിർദ്ദേശിച്ചു.
പത്ത് വർഷത്തെ സർവിസുള്ള സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് ജോലിയിൽനിന്ന് കേന്ദ്രം പിരിച്ചുവിട്ടത്. 11 ദിവസത്തെ അനധികൃത അവധിയായിരുന്നു ഒന്നാമത്തെ കുറ്റം. സഹപ്രവർത്തകന്റെ മകളെ പ്രണയിച്ചു വിവാഹം കഴിക്കാൻ തന്റെ സഹോദരനെ സഹായിച്ചു എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാൽ, ചികിത്സയ്ക്കായി അവധിയിലായിരുന്ന സമയത്താണ് താൻ മാറിനിന്നതെന്നും കുടുംബത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണമാണ് ഹാജരാകാൻ കഴിയാതിരുന്നതെന്നും കോൺസ്റ്റബിൾ വാദിച്ചു.
യുവതി തന്നെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായി തനിക്ക് പരാതിയില്ലെന്നും കോൺസ്റ്റബിളിന്റെ സഹോദരനെയാണ് വിവാഹം കഴിച്ചതെന്നും മൊഴി നൽകിയിരുന്നു. ഇത് പരിഗണിച്ച സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും പിരിച്ചുവിടൽ നടപടി റദ്ദാക്കി. "ഒരു കുടുംബത്തിൽ ഒളിച്ചോട്ടം നടന്നാൽ ആ കുടുംബം അനുഭവിക്കുന്ന മാനസികാവസ്ഥ നിങ്ങൾക്കറിയാമോ? ആ പ്രശ്നങ്ങൾ പരിഹരിക്കാനും വിവാഹം നടത്തിക്കൊടുക്കാനുമാണ് അദ്ദേഹം പോയത്. അതിന് പിന്നാലെ അദ്ദേഹം ജോലിയിൽ തിരിച്ചെത്തുകയും ചെയ്തു," ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
തിരിച്ചെടുത്താലും ജോലി ചെയ്യാത്ത കാലത്തെ ശമ്പളം നൽകാനാവില്ലെന്ന് കേന്ദ്രം വാദിച്ചെങ്കിലും, കോടതി ഇത് അംഗീകരിച്ചില്ല. അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോയതിനാണ് കോടതി ഒടുവിൽ പിഴ വിധിച്ചത്. പിഴ തുക നാലാഴ്ചയ്ക്കകം അടച്ച് രസീത് ഹാജരാക്കാനും സുപ്രീം കോടതി നിർദേശിച്ചു.