പാക്കറ്റ് ഭക്ഷണങ്ങളുടെ പുറംചട്ടയിൽ ഇനി ചുവന്ന മുന്നറിയിപ്പ്; സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ
പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അതിലെ പോഷകഘടകങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ മുന്നറിയിപ്പ് ലേബൽ സംവിധാനം വരുന്നു. ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങളിൽ പ്രത്യേകം
ഡൽഹി : പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അതിലെ പോഷകഘടകങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ മുന്നറിയിപ്പ് ലേബൽ സംവിധാനം വരുന്നു. ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങളിൽ പ്രത്യേകം ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നങ്ങൾ നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഭക്ഷണത്തിന്റെ പുറംചട്ടയിൽ തന്നെ ഉപഭോക്താവിന് വ്യക്തമായി കാണാവുന്ന രീതിയിലായിരിക്കും ഇവ രേഖപ്പെടുത്തുക.
ഓരോ ഘടകത്തിനും പ്രത്യേകം മുന്നറിയിപ്പ് നൽകണമെന്നാണ് നിർദേശം. അതായത് ഉയർന്ന പഞ്ചസാരയുള്ള ഉൽപ്പന്നങ്ങൾക്ക് 'ഹൈ ഷുഗർ', ഉപ്പ് കൂടുതലുള്ളവയ്ക്ക് 'ഹൈ സാൾട്ട്', കൊഴുപ്പ് കൂടുതലുള്ളവയ്ക്ക് 'ഹൈ ഫാറ്റ്' എന്നിങ്ങനെ രേഖപ്പെടുത്തും. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI നാല് മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കണമെന്നും നിർദേശമുണ്ട്. ചട്ടങ്ങൾ അന്തിമമായശേഷം കമ്പനികൾക്ക് നിർബന്ധിതമായി നടപ്പാക്കാൻ ഒരു വർഷത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ബിസ്ക്കറ്റ്, ചിപ്സ്, ചോക്ലേറ്റ്, പാക്കറ്റ് പാനീയങ്ങൾ തുടങ്ങിയവ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ ശ്രദ്ധയോടെ തീരുമാനമെടുക്കാൻ സാധിക്കും. കുട്ടികളുടെ ഭക്ഷണശീലങ്ങളിലും ഇത് ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭക്ഷണത്തിന്റെ പരസ്യവും പാക്കറ്റിന്റെ ആകർഷണവും മാത്രം നോക്കി സാധനങ്ങൾ വാങ്ങുന്ന രീതിക്ക് പകരം പോഷകഘടകങ്ങൾ പരിശോധിക്കുന്ന ശീലം വളർത്താനും ഈ തീരുമാനം സഹായിച്ചേക്കും.