സുപ്രീം കോടതി ഉത്തരവ്; തിരുപ്പരങ്കുണ്ട്രം മലയുടെ സുരക്ഷാ ചുമതല പൂർണമായി ഏറ്റെടുത്ത് സിആർപിഎഫ്

സുപ്രീം കോടതിയുടെ നിർണായക ഉത്തരവിന് പിന്നാലെ തിരുപ്പരങ്കുണ്ട്രം മലയുടെ സുരക്ഷാ ചുമതല കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്) പൂർണമായി ഏറ്റെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് സിആർപിഎഫ് സംഘം മലയുടെ താഴ്‌വാരത്തെത്തിയത്. എത്തിയ സൈനികരെയും വാഹനവ്യൂഹത്തെയും പുഷ്പവൃഷ്ടിയോടെയാണ് നാട്ടുകാരും വിശ്വാസികളും സ്വീകരിച്ചത്.

 

മധുര (തമിഴ്‌നാട്): സുപ്രീം കോടതിയുടെ നിർണായക ഉത്തരവിന് പിന്നാലെ തിരുപ്പരങ്കുണ്ട്രം മലയുടെ സുരക്ഷാ ചുമതല കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്) പൂർണമായി ഏറ്റെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് സിആർപിഎഫ് സംഘം മലയുടെ താഴ്‌വാരത്തെത്തിയത്. എത്തിയ സൈനികരെയും വാഹനവ്യൂഹത്തെയും പുഷ്പവൃഷ്ടിയോടെയാണ് നാട്ടുകാരും വിശ്വാസികളും സ്വീകരിച്ചത്.

റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) യൂണിറ്റുകളുടെ അകമ്പടിയോടെ സിആർപിഎഫിന്റെ ഒരു കമ്പനി സേനയാണ് സുരക്ഷയൊരുക്കാൻ അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സമുച്ചയത്തിൽ എത്തിയത്. തുടർന്ന് കുന്നിൻമുകളിലേക്കുള്ള പാതകളിൽ സേന സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആരംഭിച്ചു.

കേന്ദ്രസേന സുരക്ഷാ ചുമതല ഏറ്റെടുത്തത് തങ്ങളുടെ പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കാനുള്ള നൂറുവർഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്ന് നാട്ടുകാർ പ്രതികരിച്ചു. ആചാരം നടത്താൻ സംസ്ഥാന പൊലീസ് നേരത്തെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ലെന്നും അവർ ആരോപിച്ചു. ഒരു കമ്പനി സിആർപിഎഫ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും വൈകിട്ടത്തെ ചടങ്ങിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരുടെ തുടർനിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെയും സമീപത്തെ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയുടെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. നവംബർ 24-ന് 'ദീപത്തൂൺ' എന്നറിയപ്പെടുന്ന ശിലാസ്തംഭത്തിൽ ആചാരപ്രകാരമുള്ള കാർത്തിക ദീപം തെളിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ കർശന ഇടപെടൽ ഉണ്ടായത്. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്താണ് അന്ന് ദീപം തെളിച്ചിരുന്നത്.അതേസമയം, മുസ്‌ലിം വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി ദർഗയിലും സിആർപിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി.