ഒരു നിരോധനംകൊണ്ട് നേപാളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ ; അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാൻ താൽപര്യമില്ലന്ന് സുപ്രീംകോടതി

 

ന്യൂഡൽഹി: അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാൻ താൽപര്യമില്ലന്ന് സുപ്രീംകോടതി. ഒരു നിരോധനംകൊണ്ട് നേപാളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറിൽ നേപ്പാളിലുണ്ടായ ജെൻ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച് സുപ്രീകോടതി പറഞ്ഞു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലെ ഡിവിഷൻ ബെഞ്ച് നാല് ആഴ്ചകൾക്ക് ശേഷം ഹരജി പരിഗണിക്കുമെന്നും കോടത അറിയിച്ചു.

പ്രായപൂർത്തിയാകാത്തവരടക്കം പൊതുയിടങ്ങളിൽ വെച്ച് അശ്ലീല വീഡിയോകൾ കാണുന്നത് നിരോധിക്കാൻ ആവശ്യപ്പെട്ടുള്ള ഹരജിയാണ് സുപ്രീംകോടതിയിലെത്തിയത്. വിഷയത്തിൽ ഒരു ദേശീയ നയം രൂപീകരിക്കാനും ഒരു കർമ പദ്ധതി തയാറാക്കാനും കേന്ദ്ര സർക്കാറിനോട് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ഡിജിറ്റലായി ബന്ധപ്പെട്ടിരിക്കുന്നു... ആരാണ് വിദ്യാസമ്പന്നനോ വിദ്യാഭ്യാസമില്ലാത്തവനോ എന്നത് പ്രശ്നമല്ല. എല്ലാം ഒറ്റ ക്ലിക്കിൽ ലഭ്യമാണ്. അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന കോടിക്കണക്കിന് സൈറ്റുകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചു... ഈ ഉപകരണങ്ങളിൽ അശ്ലീലസാഹിത്യം കാണുന്നത് നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല -ഹരജിക്കാരൻ പറഞ്ഞു.

ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ഫലപ്രദമായ ഒരു നിയമവുമില്ല, അശ്ലീല വീഡിയോകൾ കാണുന്നത് വ്യക്തികളെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു, പ്രത്യേകിച്ച് 13 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ. കുട്ടികളുടേതടക്കം 20 കോടിയിലധികം അശ്ലീല വീഡിയോകളോ ക്ലിപ്പുകളോ ഇന്ത്യയിൽ വിൽപനക്ക് ലഭ്യമാണെന്ന കണക്കും ഹരജിക്കാരൻ അപേക്ഷയിൽ അവതരിപ്പിച്ചു.