വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന പരാതികൾ ആശങ്കാജനകം : സുപ്രീംകോടതി

വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന പരാതികളിൽ പുരുഷൻമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുന്ന പ്രവണത വർധിക്കുന്നതിൽ ആശങ്കയുമായി സുപ്രീം കോടതി.

 

ന്യൂഡൽഹി : വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന പരാതികളിൽ പുരുഷൻമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുന്ന പ്രവണത വർധിക്കുന്നതിൽ ആശങ്കയുമായി സുപ്രീം കോടതി.

ഒമ്പത് വർഷം ബന്ധം പുലർത്തിയ ശേഷം പങ്കാളിയുടെ പരാതിയിൽ പുരുഷനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.വി നാഗരത്‌നയും എൻ. കോടീശ്വർ സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

‘ഏറെക്കാലമായി തുടരുന്ന പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമായ പ്രവണതയാണെന്ന് ഈ കോടതി തീർപ്പാക്കിയ നിരവധി കേസുകളിൽ നിന്ന് വ്യക്തമാണ്. ദീർഘകാലം നീണ്ടുനിന്ന ശാരീരിക ബന്ധങ്ങളിൽ ഏറെവൈകിയ ഘട്ടത്തിൽ ക്രിമിനൽനിയമം ചുമത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

ഇത്തരം ആരോപണം ഉന്നയിച്ച് വ്യക്തികളെ നിയമനടപടികളിലേക്ക് വലിച്ചിഴക്കാമെന്നത് ദീർഘകാല ബന്ധങ്ങളിൽ പിന്നീട് ക്രിമിനൽ കുറ്റം ചുമത്താനുള്ള സാധ്യത തുറക്കും. ബന്ധം വഷളാകുമ്പോൾ ക്രിമിനൽ കുറ്റം ആരോപിക്കുന്നത് അപകടകരമാണ്, കോടതികളും ഇക്കാര്യം ശ്രദ്ധിക്കണം’ -സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയിലും ഇതേ ബെഞ്ച് സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.