ഷാരൂഖ് ഖാന്റെ ‌ മന്നത്തിൽ പുതിയ രണ്ട് നിലകൾ കൂടി നിർമിക്കുന്നതിനെതിരെയുള്ള ഹരജി തള്ളി സുപ്രീംകോടതി 

ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ പുതിയ രണ്ട് നിലകൾ കൂടി നിർമിക്കുന്നതിനെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. നിർമാണ പ്രവർത്തനങ്ങൾക്ക് ലഭിച്ച സി.ആർ.ഇസഡ് (CRZ) ക്ലിയറൻസിനെ ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകനായ സന്തോഷ് ദൗണ്ട്കർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.

 

 ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ പുതിയ രണ്ട് നിലകൾ കൂടി നിർമിക്കുന്നതിനെതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. നിർമാണ പ്രവർത്തനങ്ങൾക്ക് ലഭിച്ച സി.ആർ.ഇസഡ് (CRZ) ക്ലിയറൻസിനെ ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകനായ സന്തോഷ് ദൗണ്ട്കർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഹരജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ ഗുരുതരമായ സംശയമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. ‘ഒരിക്കൽ ഞങ്ങൾക്ക് സംശയം തോന്നിയാൽ, നിങ്ങളുടെ ഹരജി ഞങ്ങൾ പരിഗണിക്കില്ല’ കോടതി കർശനമായി പറഞ്ഞു.

മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്തിൽ ഏഴ്, എട്ട് നിലകൾ കൂടി നിർമിക്കുന്നതിന് 2025 ജനുവരി 3ന് ലഭിച്ച സി.ആർ.ഇസഡ് ക്ലിയറൻസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെയും ഹരജിയിൽ കക്ഷിയാക്കിയിരുന്നു.

5 കോടി രൂപയിൽ കൂടുതൽ മുതൽമുടക്കുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ (MoEFCC) നിന്ന് മുൻകൂർ അനുമതി വാങ്ങണം. എന്നാൽ ഈ കേസിൽ അത് ലഭിച്ചിട്ടില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഷുഐബ് ആലം കോടതിയിൽ ഉന്നയിച്ചു. ഇരിക്കുന്ന സ്ഥലം നേരത്തെ ഒരു ആർട്ട് ഗാലറിക്കായി നീക്കിവെച്ചതാണെന്നും, 2004ൽ മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ (MCZMA) അനുമതിയില്ലാതെ അത് മാറ്റിയെന്നും ഹരജിക്കാരൻ ആരോപിച്ചു. നിർമാണ വേളയിൽ രണ്ട് പൈതൃക കെട്ടിടങ്ങൾ നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയതായും ആരോപണമുണ്ട്.

ഹരജിക്കാരന്റെ വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു. നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അനാവശ്യമായ വാദങ്ങൾ ഉന്നയിച്ച് സമയം കളയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിയുടെ വസതിയിൽ അധിക നിലകൾ പണിയുന്നത് അവരുടെ അവകാശമാണെന്നും, നിയമപരമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പൈതൃക കെട്ടിടം പൊളിച്ചു എന്ന വാദം ഉയർത്തിയപ്പോൾ, കോടതി അത് തള്ളിക്കളയുകയും കേസ് വീണ്ടും നാഷണൽ ഗ്രീൻ ട്രൈബ്യൂണലിലേക്ക് (NGT) അയക്കണമെന്ന അഭിഭാഷകന്റെ ആവശ്യം നിരാകരിക്കുകയും ചെയ്തു.

2025 സെപ്റ്റംബർ 16ന് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ (പൂനെ ബെഞ്ച്) വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഈ അപ്പീൽ സുപ്രീം കോടതിയിലെത്തിയത്. ഇതോടെ മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.