തൃണമൂൽ കോൺഗ്രസിന്റെ ഐ-പിഎസി ഓഫീസിൽ ഇഡി നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്ന പരാതി ; പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനുവരി 8-ന് നടന്ന റെയ്ഡിനിടെ മമത ബാനർജിയും സംസ്ഥാന പോലീസും ചേർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന ഇഡിയുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. വിഷയത്തെ “അങ്ങേയറ്റം ഗൗരവകരമെന്ന്” വിശേഷിപ്പിച്ച ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അധ്യക്ഷനായ ബെഞ്ച്, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ യാതൊരു മാറ്റവും വരുത്താതെ സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കർശനമായി നിർദ്ദേശിച്ചു.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഇഡിയുടെ ആവശ്യത്തിൽ കോടതി സർക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. ഫെബ്രുവരി 3-ന് കേസിൽ അടുത്ത വാദം കേൾക്കുന്നതുവരെ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി.