പ്രതിഷേധക്കാരെ അടിച്ചമർത്തിയ രീതി അംഗീകരിക്കാനാവില്ല ; ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീം കോടതി

ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അക്രമത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ
 

 ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അക്രമത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും സമരം നടക്കുന്നു എന്ന കാരണം കൊണ്ടുമാത്രം ലാത്തിച്ചാർജ് അടക്കമുള്ള പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തുടനീളം ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. പ്രക്ഷോഭകർക്കുനേരെ ലാത്തിച്ചാർജും പെല്ലറ്റും കണ്ണീർവാതക പ്രയോഗവും നടത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

‘സമാധാനപരവും നിയമപരവുമായ പ്രതിഷേധങ്ങൾ ഭരണഘടന അനുവദിക്കുന്നുണ്ട്. പ്രതിഷേധം തുടരുന്നത് അടിച്ചമർത്താൻ ക്രൂരമായ ലാത്തിച്ചാർജ് നടത്തുന്നത് ന്യായീകരിക്കാനാകില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി അന്വേഷിക്കണം. ഡൽഹിയിലെ മാത്രം വിഷയമല്ല ഇതെന്നും, രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യാൻ ഏകീകൃത പ്രോട്ടോകോൾ രൂപവത്കരിക്കണം’ -ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയിൽ സ്വയം നിയന്ത്രണം അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി, കേസിൽ രാഷ്ട്രീയ നിഷ്പക്ഷതയോടെ ബെഞ്ചിനെ സഹായിക്കാൻ കക്ഷികളോട് അഭ്യർഥിച്ചു.

പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച പ്രത്യേക ഹരജിയും ഇതോടൊപ്പം പരിഗണിക്കാൻ ബെഞ്ച് തീരുമാനിച്ചു. പൊലീസുകാരായാലും വിദ്യാർഥികളായാലും ഓരോ വ്യക്തിയുടെയും ജീവൻ ഒരുപോലെ വിലപ്പെട്ടതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജികൾ തുടർന്നുള്ള വാദത്തിനായി അടുത്ത ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.