പശ്ചിമ ബംഗാളിലെ എസ്‌ഐആറില്‍ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു

 

 ഝാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കില്‍ തേടാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

 

അതേ സമയം നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്‌ഐആര്‍ പട്ടിക പരിഗണിക്കരുത് എന്ന മമത ബാനര്‍ജിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

പശ്ചിമ ബംഗാളില്‍ അനുച്ഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് എസ്‌ഐആറില്‍ ഇടപെട്ട് സുപ്രീംകോടതി. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവായ 70 ലക്ഷം പേരില്‍ രേഖകള്‍ നല്കാന്‍ തയ്യാറായവരുടെയെല്ലാം പരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. ഒരാള്‍ പോലും പട്ടികയില്‍ നിന്ന് അകാരണമായി പുറത്താകാതിരിക്കാനാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു. മൂന്നു വര്‍ഷമെങ്കിലും പരിചയമുള്ള സിവില്‍ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നല്‍കി.

 ഝാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കില്‍ തേടാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ബംഗാളിലെ അന്തിമ വോട്ടര്‍ പട്ടിക 28ന് വന്നാലും പരിശോധനയില്‍ ശരിയായ രേഖകളുണ്ടെന്ന് തെളിയുന്നവരെ പിന്നീടും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വോട്ടര്‍പട്ടികയില്‍ ജുഡീഷ്യറിയുടെ നേരിട്ടുള്ള പരിശോധന അസാധാരണമാണ്. അതേ സമയം നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്‌ഐആര്‍ പട്ടിക പരിഗണിക്കരുത് എന്ന മമത ബാനര്‍ജിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.