എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി
Aug 31, 2026, 21:01 IST
എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പെട്രോൾ പമ്പുകളിലും ഇന്ധന ബില്ലുകളിലും രസീതിലും എഥനോളിന്റെ കൃത്യമായ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യമാണ് കോടതി അംഗീകരിക്കാതിരുന്നത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് കോടതിയിൽ ഈ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
താൻ ഉന്നയിക്കുന്നത് വ്യക്തിപരമായ ആവശ്യമല്ലെന്നും, രാജ്യത്തെ പൗരന്മാരുടെ ആശങ്കയെ തുടർന്നുള്ളതാണെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. തങ്ങൾ വാങ്ങുന്ന ഇന്ധനത്തിന്റെ കൃത്യമായ വിവരങ്ങൾ അറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ഹർജി തള്ളിയ സുപ്രീം കോടതി, ഹർജിക്കാരന് ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.