കരാർ തൊഴിലാളികൾക്ക് സ്ഥിര നിയമനക്കാരുടെ ആനുകൂല്യങ്ങൾക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: തേർഡ്-പാർട്ടി സേവന ദാതാക്കളിൽനിന്നെടുക്കുന്ന കരാർ തൊഴിലാളികൾക്ക് സ്ഥിരം ജീവനക്കാരുടെ തത്തുല്യ തൊഴിൽ ആനുകൂല്യങ്ങൾക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി. പൊതു നിയമനത്തിന്‍റെയും സുതാര്യമായ നിയമന പ്രക്രിയയുടെയും അടിസ്ഥാന തത്വങ്ങളെ അത്തരം തുല്യത ദുർബലമാക്കുമെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുല്ലയുടെയും വിപുൽ പഞ്ചോലിയുടെയും ബെഞ്ച് നിരീക്ഷിച്ചു.
സർക്കാർ സർവിസിലെ സ്ഥിരം ജോലിയെ കോൺട്രാക്‌ടർമാർ മുഖേനയുള്ള കരാർ ജോലിയുമായി തുല്യപ്പെടുത്താനാകില്ല. സ്ഥിരം ജോലിക്കാരെ നിയമിക്കുമ്പോൾ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്ന സുതാര്യമായ നടപടിക്രമത്തിലൂടെയാണ് അത് നടക്കുക.
എന്നാൽ കരാർ ജീവനക്കാരെ നിയമിക്കുന്നത് കോൺട്രാക്‌ടറുടെ വിവേചനാധികാരത്തിലാണ് നടക്കുക. ഇവ രണ്ടും നിയമത്തിന് മുന്നിൽ വ്യത്യസ്തമാണ്. വിവിധ കോൺട്രാക്‌ടർമാർ മുഖേന ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ നന്ദ്യാൽ മുനിസിപ്പൽ കോർപറേഷനിൽ എടുത്ത ശുചീകരണ തൊഴിലാളികളുടെ കേസിലാണ് കോടതിയുടെ നിരീക്ഷണം.