ജ​​നി​​ച്ച രാ​​ജ്യ​​ത്ത് വോ​​ട്ടു​​ചെ​​യ്യാ​​നു​​ള്ള അ​​വ​​കാ​​ശം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​രം മാ​​ത്ര​​മ​​ല്ല, വൈ​​കാ​​രി​​കം കൂ​​ടി​​യാ​​ണ് : സുപ്രീംകോടതി 

ജ​​നി​​ച്ച രാ​​ജ്യ​​ത്ത് വോ​​ട്ടു​​ചെ​​യ്യാ​​നു​​ള്ള അ​​വ​​കാ​​ശം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​രം മാ​​ത്ര​​മ​​ല്ല, വൈ​​കാ​​രി​​കം കൂ​​ടി​​യാ​​ണെ​​ന്ന് ജ​​സ്റ്റി​​സ് ജോ​​യ്മ​​ല്യ ബാ​​ഗ്ചി കേ​​​ന്ദ്ര തെ​​ര​​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​നെ ഓ​​ർ​​മി​​പ്പി​​ച്ചു. പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ വോ​​ട്ട​​ർ​​മാ​​ർ വി​​വി​​ധ

 

ന്യൂ​​ഡ​​ൽ​​ഹി : ജ​​നി​​ച്ച രാ​​ജ്യ​​ത്ത് വോ​​ട്ടു​​ചെ​​യ്യാ​​നു​​ള്ള അ​​വ​​കാ​​ശം ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​രം മാ​​ത്ര​​മ​​ല്ല, വൈ​​കാ​​രി​​കം കൂ​​ടി​​യാ​​ണെ​​ന്ന് ജ​​സ്റ്റി​​സ് ജോ​​യ്മ​​ല്യ ബാ​​ഗ്ചി കേ​​​ന്ദ്ര തെ​​ര​​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​നെ ഓ​​ർ​​മി​​പ്പി​​ച്ചു. പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ വോ​​ട്ട​​ർ​​മാ​​ർ വി​​വി​​ധ വ്യ​​ത്യ​​സ്ത ഭ​​ര​​ണ​​ഘ​​ട​​നാ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഞെ​​രി​​ഞ്ഞ​​മ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും ചീ​​ഫ് ജ​​സ്റ്റി​​സ് സൂ​​ര്യ​​കാ​​ന്തി​​നൊ​​പ്പം എ​​സ്.​​ഐ.​​ആ​​ർ കേ​​സ് ​കേ​​ൾ​​ക്കു​​ന്ന​​തി​​നി​​ടെ ജ​​സ്റ്റി​​സ് ജോ​​യ്മ​​ല്യ ബാ​​ഗ്ചി വി​​മ​​ർ​​ശി​​ച്ചു. പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ മാ​​ത്ര​​മാ​​ണ് എ​​സ്.​​ഐ.​​ആ​​റി​​ൽ സം​​ശ​​യാ​​സ്പ​​ദ വോ​​ട്ട​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ൻ ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ബാ​​ഗ്ചി തു​​ട​​ർ​​ന്നു. ​വോ​​ട്ട​​ർ​​പ​​ട്ടി​​ക ശു​​ദ്ധീ​​ക​​രി​​ക്കാ​​നാ​​ണ് ക​​മീ​​ഷ​​ന് അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​ത്. എ​​സ്.​​ഐ.​​ആ​​റി​​ന്റെ അ​​സ്സ​​ൽ വി​​ജ്ഞാ​​പ​​നം 2002ലെ ​​പ​​ട്ടി​​ക​​യി​​ൽ തൊ​​ടു​​ന്നേ​​യി​​ല്ല.

2002ലെ ​​പ​​ട്ടി​​ക​​യി​​ൽ പേ​​രു​​ള്ള​​വ​​ർ​​ക്ക് ഒ​​രു രേ​​ഖ​​യും വേ​​ണ്ട എ​​ന്നാ​​യി​​രു​​ന്നു ബി​​ഹാ​​ർ എ​​സ്.​​ഐ.​​ആ​​ർ കാ​​ല​​ത്ത് ക​​മീ​​ഷ​​ൻ പ​​റ​​ഞ്ഞി​​രു​​ന്ന​​തും. സം​​ശ​​യ​​മു​​ണ്ടെ​​ങ്കി​​ൽ സ്വ​​ന്തം വാ​​ദം എ​​ടു​​ത്തു​​നോ​​ക്കാ​​ൻ ക​​മീ​​ഷ​​നോ​​ട് ജ​​സ്റ്റി​​സ് ബാ​​ഗ്ചി പ​​റ​​ഞ്ഞു. 2002ലെ ​​പ​​ട്ടി​​ക​​യി​​ലെ അ​​തേ​​യാ​​ൾ ത​​ന്നെ​​യാ​​ണ് താ​​നെ​​ന്ന് ഒ​​രാ​​ൾ തെ​​ളി​​യി​​ക്ക​​ണ​​മെ​​ന്ന് ക​​മീ​​ഷ​​ൻ അ​​ഭി​​ഭാ​​ഷ​​ക​​ൻ ഡി.​​എ​​സ്. നാ​​യി​​ഡു വാ​​ദി​​ച്ച​​പ്പോ​​ൾ നേ​​ര​​ത്തെ ന​​ട​​ത്തി​​യ വാ​​ദ​​ത്തി​​ൽ ഇ​​പ്പോ​​ൾ മാ​​റ്റം വ​​രു​​ത്തി​​യെ​​ന്ന് ജ​​സ്റ്റി​​സ് ബാ​​ഗ്ചി പ്ര​​തി​​ക​​രി​​ച്ചു.

എ​​ന്നാ​​ൽ ത​​ങ്ങ​​ളു​​ടെ ​ഫ​​യ​​ലു​​ക​​ൾ ക​​മീ​​ഷ​​ൻ അ​​പ്പ​​ല​​റ്റ് ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ൾ​​ക്ക് മു​​ന്നി​​ൽ വെ​​ക്കു​​ന്നി​​ല്ലെ​​ന്ന വോ​​ട്ട​​ർ​​മാ​​രു​​ടെ ആ​​വ​​ലാ​​തി കേ​​ൾ​​ക്കാ​​ൻ ചീ​​ഫ് ജ​​സ്റ്റി​​സ് സൂ​​ര്യ​​കാ​​ന്ത് ത​​യാ​​റാ​​യി​​ല്ല. ഈ ​​വി​​ഷ​​യ​​വും അ​​പ്പ​​ല​​റ്റ് ട്രൈ​​ബ്യൂ​​ണ​​ലി​​ൽ പോ​​യി പ​​റ​​യ​​ണ​​മെ​​ന്ന് ചീ​​ഫ് ജ​​സ്റ്റി​​സ് ആ​​വ​​ശ്യ​​​പ്പെ​​ട്ടു. അ​​പ്പീ​​ലു​​ക​​ൾ തീ​​ർ​​പ്പാ​​ക്കാ​​ൻ സ​​മ​​യ​​പ​​രി​​ധി വെ​​ക്കു​​മോ എ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ൻ ചോ​​ദി​​ച്ച​​പ്പോ​​ൾ ട്രൈ​​ബ്യൂ​​ണ​​ലി​​ലെ മു​​ൻ ചീ​​ഫ് ജ​​സ്റ്റി​​സു​​മാ​​രെ​​യും ജ​​ഡ്ജി​​മാ​​രെ​​യും സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​നാ​​ണോ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ചീ​​ഫ് ജ​​സ്റ്റി​​സ് ചോ​​ദി​​ച്ചു. വോ​​ട്ട​​ർ​​മാ​​രു​​ടെ അ​​പ്പീ​​ൽ ത​​ള്ളി​​യ​​തി​​ന് ജ​​ഡ്ജി​​മാ​​ർ കാ​​ര​​ണം രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് ചീ​​ഫ് ജ​​സ്റ്റി​​സ് സൂ​​ര്യ​​കാ​​ന്ത് ത​​ന്നെ പ​​റ​​ഞ്ഞ​​ത് അ​​ഭി​​ഭാ​​ഷ​​ക​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​പ്പോ​​ൾ ജ​​ഡ്ജി​​മാ​​രെ കോ​​ട​​തി​​ക്ക് സം​​ശ​​യി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ചീ​​ഫ് ജ​​സ്റ്റി​​സ് പ​​റ​​ഞ്ഞു.

2002ലെ ​​പ​​ട്ടി​​ക​​യി​​ൽ പേ​​രു​​ണ്ടെ​​ന്നും, ആ​​ധാ​​ർ കാ​​ർ​​ഡും പാ​​സ്പോ​​ർ​​ട്ടും കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​വ​​ർ​​ക്കു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ ബോ​​ധി​​പ്പി​​ച്ചു. സ​​മ​​ർ​​പ്പി​​ച്ച അ​​പ്പീ​​ലു​​ക​​ൾ അ​​പ്പ​​ല​​റ്റ് ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളു​​ടെ മു​​മ്പാ​​കെ തീ​​ർ​​പ്പാ​​കാ​​തെ കി​​ട​​ക്കു​​ക​​യാ​​ണ്. ഈ ​​വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ടാ​​ൻ വി​​സ​​മ്മ​​തി​​ച്ച ചീ​​ഫ് ജ​​സ്റ്റി​​സ് ട്രൈ​​ബ്യൂ​​ണ​​ൽ തീ​​രു​​മാ​​നി​​ക്ക​​ട്ടെ​​യെ​​ന്ന നി​​ല​​പാ​​ടാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്.

അ​​തേ​​സ​​മ​​യം പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ൾ ഇ​​ത്ത​​രം അ​​പ്പീ​​ലു​​ക​​ൾ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് ജ​​സ്റ്റി​​സ് ബാ​​ഗ്‌​​ചി ഓ​​ർ​​മി​​പ്പി​​ച്ചു. വെ​​ട്ടി​​മാ​​റ്റ​​പ്പെ​​ട്ട​​വ​​രു​​ടെ അ​​പ്പീ​​ലു​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ 19 അ​​പ്പ​​ല​​റ്റ് ട്രൈ​​ബ്യൂ​​ണ​​ലു​​ക​​ളാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.