"ജുഡീഷ്യറിയിലെ അഴിമതി"..! എൻസിഇആർടി പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി
വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആരാണിതിന് ഉത്തരവാദി എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കേസ് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂഡൽഹി: എട്ടാം ക്ലാസ് വിദ്യാർഥികളുടെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി എന്ന പാഠഭാഗം ഉൾപ്പെടുത്തിയത്. പിന്നാലെ എൻസിഇആർടി പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു. വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആരാണിതിന് ഉത്തരവാദി എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കേസ് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എൻസിഇആർടിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയോട് വിഷയത്തിൽ തലകൾ ഉരുളുമെന്നും കോടതി രൂക്ഷമായ ഭാഷയിൽ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുസ്തകം നിരോധിച്ചത്. പുസ്തകത്തിന്‍റെ എല്ലാ കോപ്പികളും പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. പുസ്തകം ഓൺലൈനിൽ മുഴുവനായോ ഭാഗങ്ങളായോ പ്രചരിക്കാതിരിക്കുന്നതിനായി സമ്പൂർണ നിരോധനമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനും എൻസിഇആർടി ചെയർമാൻ പ്രൊഫസർ ദിനേശ് പ്രസാദ് സാക്ലാനിക്കും കോടതി നോട്ടീസ് അയച്ചു.