ബാബറി മസ്ജിദിന്റെയോ ബാബർ ചക്രവർത്തിയുടെയോ പേരിൽ പുതിയ പള്ളികൾ നിർമ്മിക്കുന്നത് നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ബാബറി മസ്ജിദിന്റെയോ ബാബർ ചക്രവർത്തിയുടെയോ പേരിൽ പുതിയ പള്ളികൾ നിർമ്മിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ നിലപാട് വ്യക്തമായതോടെ ഹർജിക്കാരൻ പരാതി പിൻവലിച്ചു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ പകർപ്പ് നിർമ്മിക്കുമെന്ന സസ്‌പെൻഷനിലായ തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനമാണ് ഹർജിക്ക് ആധാരമായത്. ബാബറിനെയോ ബാബറി മസ്ജിദിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മതപരമായ നിർമ്മിതികൾക്കും നാമകരണങ്ങൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ബാബറിനെ ഒരു “ആക്രമണകാരി” ആയി വിശേഷിപ്പിച്ച ഹർജിയിൽ, അദ്ദേഹം ഹിന്ദുക്കളെ മോശമായി കണ്ടിരുന്നതായും ആരോപിച്ചു. അത്തരം ചരിത്രപരമായ പശ്ചാത്തലമുള്ള പേരിൽ പള്ളികൾ സ്ഥാപിക്കുന്നത് തടയണമെന്നും ഇതിനായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി വേണമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ പരിഗണിക്കാൻ കോടതി തയ്യാറായില്ല.
2019-ലെ ചരിത്രപരമായ അയോധ്യ വിധിയിൽ, 1992-ൽ ബാബറി മസ്ജിദ് തകർത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകുന്നതിനൊപ്പം തന്നെ, ബാബറി മസ്ജിദ് പുനർനിർമ്മിക്കുന്നതിനായി അയോധ്യയിലെ പ്രധാന സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി അനുവദിക്കാനും അന്ന് കോടതി ഉത്തരവിട്ടിരുന്നു. പഴയ വിധികളിലെ പരാമർശങ്ങൾ നിലനിൽക്കെയാണ് പുതിയ ഹർജി കോടതി തള്ളിയത്.