വിദ്യാർഥികളെ വെറുതെവിടുക, സമരക്കാർക്കെതിരായ നടപടി വിലക്കി സുപ്രീം കോടതി

ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലും സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്നത് വിലക്കി സുപ്രീംകോടതി.

 

 ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലും സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്നത് വിലക്കി സുപ്രീംകോടതി. അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ സംരക്ഷണം ബാധകമായിരിക്കില്ലെന്നും വ്യക്തമാക്കി. കൂടാതെ, വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.

18 വയസ്സിന് താഴെയുള്ളവരെ വിട്ടയക്കണമെന്നും നിർദേശിച്ചു. കേരളം, ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കുമേൽ നടന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരത്തിനിടയിലുണ്ടായ പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കുമെന്ന് സുപ്രീംകോടതി സൂചിപ്പിച്ചു.

സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ അന്വേഷണത്തിനാണ് എസ്.ഐ.ടിക്കുള്ള സാധ്യത നോക്കുന്നതെന്നും പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്കും നീങ്ങും. അതിക്രമം കാണിച്ചവരും നിയമം കൈയിലെടുത്തവരും അതിന്റെ ഉത്തരവാദിത്തം പേറിയേ പറ്റൂ. ഇത്തരമൊരു അന്വേഷണം നടത്തും മുമ്പ് ഡൽഹി പൊലീസിന് തങ്ങളുടെ ഭാഗം പറയാനുള്ള അവസരം നൽകും -ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സമരവുമായി ബന്ധപ്പെട്ട എല്ലാ സി.സി.ടി.വി ഫൂട്ടേജുകളും, ഡ്രോൺ റെക്കോഡിങ്ങും വയർലസ് സന്ദേശങ്ങളും സംരക്ഷിച്ച് നിർത്തണമെന്നും വ്യക്തികളുടെ ഡേറ്റയും വിവരങ്ങളും പരസ്യപ്പെടുത്തരുതെന്നും കോടതി തുടർന്നു. പെല്ലെറ്റ് ഗൺ ആക്രമണത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റതും അതിലൊരു വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതും പൊലീസുകാർ സിവിൽവേഷത്തിൽ വന്ന് അതിക്രമങ്ങൾ നടത്തിയതും കോടതി രേഖപ്പെടുത്തി.

രാജ്യമൊട്ടുക്കും സമാധാനപരമായ പ്രതിഷേധത്തിന് മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവും കോടതി പരിഗണിക്കും. സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾ അക്രമം നടത്തില്ലെന്നും എന്നാൽ, മുമ്പ് കൊലപാതക, ബലാത്സംഗ, മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരെല്ലാം സമരസ്ഥലത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരാണ് പൊലീസുകാരെ ആക്രമിച്ചതെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.