വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍
മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ നടന്ന പരിപാടിയ്ക്കിടെയാണ് ആര്‍എന്‍ രവി വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്.
കോളേജിലെ പരിപാടിയ്ക്ക് മുഖ്യാതിഥിയായി പങ്കെടുത്തതായിരുന്നു ഗവര്‍ണര്‍.
തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വീണ്ടും വിവാദത്തില്‍. വിദ്യാര്‍ത്ഥികളോട് ഗവര്‍ണര്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്നു. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ നടന്ന പരിപാടിയ്ക്കിടെയാണ് ആര്‍എന്‍ രവി വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്.
ശനിയാഴ്ച ആയിരുന്നു സംഭവം നടന്നത്. കോളേജിലെ പരിപാടിയ്ക്ക് മുഖ്യാതിഥിയായി പങ്കെടുത്തതായിരുന്നു ഗവര്‍ണര്‍. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഡിഎംകെയേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചു. ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടപ്പോള്‍ ചില വിദ്യാര്‍ഥികള്‍ അതേറ്റു വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതോടകം പ്രചരിച്ചിട്ടുണ്ട്.
ഗവര്‍ണറുടെ നടപടിക്കെതിരെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിഎംകെയും ഗവര്‍ണറെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറുടെ പ്രവൃത്തി രാജ്യത്തെ മതേതര മൂല്യങ്ങള്‍ക്കെതിരാണെന്നും ഭരണഘടനയെ ലംഘിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ഡിഎംകെ വക്താവ് ധരണീധരന്‍ പറഞ്ഞു.