സ്കൂളിനകത്ത് യൂണിഫോമിൽ മദ്യപിച്ച് വിദ്യാർത്ഥികൾ; അന്വേഷണത്തിന് ഉത്തരവ്

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

 

ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥികൾ മദ്യപിക്കുന്നത് വീഡിയോയിൽ കാണാം.

ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. ഓഗസ്റ്റ് 1 ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥികൾ മദ്യപിക്കുന്നത് വീഡിയോയിൽ കാണാം.പരീക്ഷകൾക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കന്യാകുമാരി കളക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു വിദ്യാർഥി പകർത്തിയ ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ, സ്കൂളിലെ പ്രിൻസിപ്പലായ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. വീഡിയോ ചിത്രീകരിച്ച തീയതി, അതിലുള്ളവർ അതേ സ്കൂളിലെ വിദ്യാർഥികൾ തന്നെയോ, ക്യാമ്പസിനുള്ളിലേക്ക് മദ്യം എങ്ങനെ എത്തി, അധ്യാപകരുടെയോ സ്കൂൾ അധികൃതരുടെയോ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.