അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് ബാങ്കിങ് പരീക്ഷാ പരിശീലനവിദ്യാർഥി ആത്മഹത്യ ചെയ്തു
അധ്യാപകരുടെ മാനസിക പീഡനത്തിലും പരസ്യമായ അപമാനത്തിലും മനംനൊന്ത് ബംഗളൂരുവിൽ ബാങ്കിങ് പരീക്ഷാ പരിശീലന വിദ്യാർഥി ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ബംഗളൂരു: അധ്യാപകരുടെ മാനസിക പീഡനത്തിലും പരസ്യമായ അപമാനത്തിലും മനംനൊന്ത് ബംഗളൂരുവിൽ ബാങ്കിങ് പരീക്ഷാ പരിശീലന വിദ്യാർഥി ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണിപ്പാൽ അക്കാദമിയിലെ വകുപ്പ് മേധാവി ഉൾപ്പെടെയുള്ള അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു.
ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് പരീക്ഷകൾക്കായുള്ള കോച്ചിങ്ങിനായി കഴിഞ്ഞ മാർച്ചിലാണ് ചുന്നു ബംഗളൂരുവിൽ എത്തിയത്. ചില പരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അക്കാദമിയിലെ അദ്ധ്യാപകർ ചുന്നുവിനെ ക്ലാസ് റൂമുകളിൽ വെച്ച് നിരന്തരം പരസ്യമായി അപമാനിച്ചിരുന്നതായി സഹപാഠികൾ പറഞ്ഞു. ചുന്നു ഒന്നിനും കൊള്ളാത്തവനാണെന്ന് അധിക്ഷേപിക്കുകയും അമിതമായ പ്രൊജക്റ്റ് വർക്കുകൾ നൽകി മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അദ്ധ്യാപകരുടെ പെരുമാറ്റം കാരണം ചുന്നു കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കൂടെ താമസിച്ചിരുന്ന അങ്കിത് ശർമ്മ വ്യക്തമാക്കി.
കഴിഞ്ഞ മെയ് 18-ന് നടന്ന പരീക്ഷയ്ക്കിടെ ചുന്നു പരീക്ഷാ ഹാൾ പകുതിക്ക് വെച്ച് ഇറങ്ങിപ്പോരുകയായിരുന്നു. വൈകുന്നേരം റൂംമേറ്റ് മുറിയിലെത്തിയപ്പോഴാണ് ചുന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, ചുന്നുവിന്റെ മരണത്തിൽ അക്കാദമി മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മരണം നടന്ന ഉടൻ പൊലീസിനെ അറിയിക്കാതെ അക്കാദമി അധികൃതർ തന്നെ മൃതദേഹം മുറിയിൽ നിന്നും മാറ്റിയതായും, സംഭവത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതായും ചുന്നുവിന്റെ പിതാവ് മുന്ന കുമാർ ആരോപിച്ചു.
കുടുംബത്തിന്റെ പരാതിയിൽ അക്കാദമിയിലെ എച്ച്.ഒ.ഡി ചന്ദ്രശേഖർ കനഹിയ, അദ്ധ്യാപിക സുനിതാശ്രീ ജഗ്താപ്, പ്രോഗ്രാം ഹെഡ് വെങ്കിടേഷ് കെ.വി എന്നിവരുൾപ്പെടെയുള്ള മാനേജ്‌മെന്റ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഭീഷണി, മാനസിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കർണാടക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.