അപമര്യാദയായി പെരുമാറിയ അധ്യാപകനെ ചെരുപ്പു കൊണ്ടടിച്ച് വിദ്യാര്‍ത്ഥിനി '; അസിസ്റ്റന്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു
ഒപ്പമെത്തിയ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകനെ വളഞ്ഞിട്ട് തല്ലി.
പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ബെംഗളൂരുവില്‍ ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കോളേജില്‍ അപമര്യാദയായി പെരുമാറിയ അധ്യാപകനെ ചെരുപ്പു കൊണ്ടടിച്ച് വിദ്യാര്‍ത്ഥിനി. സംഭവത്തില്‍ നെലമംഗല സിദ്ധാര്‍ത്ഥ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലാണ് ക്ലാസ് മുറിയില്‍ സഹവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ വിദ്യാര്‍ത്ഥിനി ചെരുപ്പൂരി അടിച്ചത്. ക്ലാസ് എടുക്കുന്നതിനിടെ നിങ്ങളുടെ കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിനി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് താന്‍ സ്വീകരിച്ച് ഇഷ്ടം തിരിച്ചറിയിക്കുകയാണെന്നും അധ്യാപകനായ അബ്ദുള്‍ പറയുകയായിരുന്നു. ഇത് വിദ്യാര്‍ത്ഥിനി ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു അധ്യാപകന്റെ മറുപടി. ഇത് കാണിക്കാന്‍ വിദ്യാര്‍ത്ഥിനി ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ ക്ലാസിന് പുറത്തിറങ്ങുകയായിരുന്നു. പിന്തുടര്‍ന്ന വിദ്യാര്‍ത്ഥിനി കാറില്‍ കയറാന്‍ ശ്രമിച്ച അധ്യാപകനെ ചെരുപ്പൂരി അടിച്ചു. ഒപ്പമെത്തിയ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകനെ വളഞ്ഞിട്ട് തല്ലി.
നെലമംഗല താലൂക്കിലെ ടി. ബെഗൂരിലെ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ്. സംഭവം വിവാദമായതോടെ കര്‍ശന നടപടിക്ക് അദ്ദേഹം മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുളിനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.