ലിഫ്റ്റില്‍ കുടുങ്ങിയത് ഒന്നര മണിക്കൂറോളം; പൂനെയില്‍ 7 വയസുകാരന് ദാരുണാന്ത്യം

ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

രാത്രി 11.30ഓടെ പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നീണ്ട നേരത്തെ ശ്രമത്തിന് ഒടുവില്‍ ലിഫ്റ്റ് തുറന്നപ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു

പൂനെയിലെ ഷിന്‍ഹാഗാദ് റോഡ് ഏരിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. നിമ്പാജിനഗറിലെ റിദ്ദി സിദ്ദി അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ശിവാന്‍ഷ് ശൈലേഷ് ദത്ത് എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തു മണിയോടെ എന്നത്തെയും പോലെ ഹൗസിങ് സൊസൈറ്റിയുടെ പരിസരത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ ബില്‍ഡിങ്ങിലെ ലിഫ്റ്റില്‍ കയറിയ കുട്ടി ബട്ടനുകളിലൊന്നില്‍ അമര്‍ത്തി. പിന്നാലെ ലിഫ്റ്റ് ചലിച്ച് തുടങ്ങിയെങ്കിലും മൂന്നാം നിലയിലെത്തുന്നതിനിടയില്‍ നിന്നുപോയി. ഒന്നര മണിക്കൂറോളമാണ് കുട്ടി ലിഫ്റ്റില്‍ കുടുങ്ങി കിടന്നത്.


ലിഫ്റ്റ് സ്റ്റക്കായതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11.30ഓടെ പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നീണ്ട നേരത്തെ ശ്രമത്തിന് ഒടുവില്‍ ലിഫ്റ്റ് തുറന്നപ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദീര്‍ഘനേരം ലിഫ്റ്റില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകു. പ്രാഥമിക പരിശോധനയില്‍ ലിഫ്റ്റിന് ടെക്നിക്കല്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.