ശക്തമായ കാറ്റ്; ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്ക് കേടുപാട്
ഡല്‍ഹിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിയന്ത്രണം വിട്ട ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വിമാനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഉപകരണങ്ങള്‍ സ്ഥാനങ്ങളില്‍ നിന്ന് തെറിച്ചുപോയി വിമാനങ്ങളില്‍ ഇടിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിയന്ത്രണം വിട്ട ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വിമാനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ വൈകിട്ട് 4.40ഓടെയായിരുന്നു സംഭവം.കേടുപാടുകള്‍ സംഭവിച്ച മൂന്നു വിമാനങ്ങളും സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിച്ചു. ഇതില്‍ രണ്ടു വിമാനങ്ങള്‍ ഉടന്‍ സര്‍വീസിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാമത്തെ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ ടെര്‍മിനല്‍–2നു സമീപം നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളെയാണ് ശക്തമായ കാറ്റ് ബാധിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഉപകരണങ്ങള്‍ സ്ഥാനങ്ങളില്‍ നിന്ന് തെറിച്ചുപോയി വിമാനങ്ങളില്‍ ഇടിക്കുകയായിരുന്നു.
അതേസമയം, പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് മുന്‍കൂട്ടി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാധാരണയായി ഇത്തരം പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കാറുണ്ടെങ്കിലും ഈ സംഭവത്തില്‍ അത് ഉണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.