എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് ആദ്യവാരം; ഫലം കാത്തിരിക്കുന്നത് 8,96,447 വിദ്യാര്‍ഥികൾ
കർണാടകയിലെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് ആദ്യവാരം പ്രഖ്യാപിച്ചേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ . കര്‍ണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡിന്റെ (കെ.എസ്.ഇ.എ.ബി) കണക്ക് പ്രകാരം, മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ നാല് വരെ എസ്.എസ്.എല്‍.സി പരീക്ഷയിൽ 15,881 സ്കൂളുകളില്‍ നിന്നായി 8,96,447 വിദ്യാര്‍ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ബംഗളൂരു: കർണാടകയിലെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് ആദ്യവാരം പ്രഖ്യാപിച്ചേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ . കര്‍ണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡിന്റെ (കെ.എസ്.ഇ.എ.ബി) കണക്ക് പ്രകാരം, മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ നാല് വരെ എസ്.എസ്.എല്‍.സി പരീക്ഷയിൽ 15,881 സ്കൂളുകളില്‍ നിന്നായി 8,96,447 വിദ്യാര്‍ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
പരീക്ഷ നടത്തിപ്പിനായി സംസ്ഥാനത്താകെ 2,818 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. കോവിഡ് സമയത്ത് ഏർപ്പെടുത്തിയ ഗ്രേസ് മാര്‍ക്ക് ഇത്തവണ നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. 175 മാര്‍ക്കിന് മുകളില്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുള്ളൂവെന്നും വിദ്യാര്‍ഥികൾ മുഴുവന്‍ വിഷയങ്ങള്‍ക്കും 35 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 73.40 ശതമാനമായിരുന്നു വിജയ ശതമാനം. പരീക്ഷയെഴുതിയ 81 ശതമാനം പെണ്‍കുട്ടികളും 65 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. ഉഡുപ്പി ജില്ല 94 ശതമാനം വിജയം നേടി മുന്‍പന്തിയിലെത്തി. വിദ്യാര്‍ഥികള്‍ക്ക് kseeb.kar.nic.in, karresults.nic.in എന്നീ വെബ്സൈറ്റുകൾ മുഖേന പരീക്ഷഫലം ഡൗൺലോഡ് ചെയ്യാം.പരീക്ഷയില്‍ തോറ്റവര്‍ക്ക് വീണ്ടും എഴുതാനും മാര്‍ക്ക് കുറഞ്ഞവര്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്താനും ഉള്ള എസ്.എസ്.എൽ.സി -രണ്ട്, എസ്.എസ്.എൽ.സി- മൂന്ന് പരീക്ഷകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.