ശ്രീലങ്കയ്ക്ക് 450 മില്യൺ ഡോളറിന്റെ പുനർനിർമ്മാണ പാക്കേജ് പ്രഖ്യാപിച്ച് എസ്. ജയശങ്കർ

ദിത്വാ ചുഴലിക്കാറ്റ് വിതച്ച വൻ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായി
 

കൊളംബോ: ദിത്വാ ചുഴലിക്കാറ്റ് വിതച്ച വൻ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായി കൊളംബോയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 450 മില്യൺ ഡോളറിന്റെ (ഏകദേശം 3,700 കോടി രൂപ) ബൃഹദ് പുനർനിർമ്മാണ പാക്കേജ് പ്രഖ്യാപിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, പ്രധാനമന്ത്രി ഹരിണി അമരസൂര്യ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അയൽരാജ്യത്തിന്റെ പുനർനിർമ്മാണത്തിൽ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകിയത്.

ചുഴലിക്കാറ്റ് ദുരന്തമുണ്ടായ ഉടൻ തന്നെ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന രക്ഷാദൗത്യത്തിന്റെ തുടർച്ചയായാണ് ഈ സാമ്പത്തിക പാക്കേജ്. തകർന്ന റോഡുകൾ, പാലങ്ങൾ, റെയിൽവേ പാതകൾ എന്നിവയുടെ പുനരുദ്ധാരണം, വീടുകളുടെ നിർമ്മാണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കുള്ള പിന്തുണ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കും. കൂടാതെ, ഭാവിയിൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ശ്രീലങ്കയെ സജ്ജമാക്കുന്നതിനുള്ള സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദുരന്തഭൂമിയിൽ ഇന്ത്യൻ സൈന്യം നവംബർ 27-ന് ആഞ്ഞടിച്ച ദിത്വാ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ 600-ലധികം ജീവനുകളാണ് നഷ്ടമായത്. രണ്ടു ലക്ഷത്തോളം പേർ ഭവനരഹിതരായി. ഈ പ്രതിസന്ധി ഘട്ടത്തിൽ ആദ്യമെത്തിയ വിദേശസഹായം ഇന്ത്യയുടേതായിരുന്നു. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി ഉൾപ്പെടെയുള്ള നാല് യുദ്ധക്കപ്പലുകളിലായി 1,134 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ എത്തിച്ചത്. മരുന്നുകൾ, വസ്ത്രങ്ങൾ, ജലശുദ്ധീകരണ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) രണ്ട് ടീമുകൾ ഇപ്പോഴും ശ്രീലങ്കയിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. കൂടാതെ, ഇന്ത്യൻ ആർമിയുടെ 85 അംഗ ഫീൽഡ് ഹോസ്പിറ്റൽ ഇതുവരെ ഏഴായിരത്തിലധികം രോഗികൾക്ക് ചികിത്സ നൽകി. വ്യോമസേനയുടെയും നാവികസേനയുടെയും ഹെലികോപ്റ്ററുകൾ ദുർഘട മേഖലകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി രാപ്പകൽ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ സഹായമെന്ന് എസ്. ജയശങ്കർ പറഞ്ഞു. അയൽരാജ്യങ്ങൾ ആദ്യം എന്ന ഇന്ത്യയുടെ നയം ഒരിക്കൽ കൂടി അടിവരയിടുന്നതായിരുന്നു ജയശങ്കറിന്റെ ഈ സന്ദർശനവും സഹായ പ്രഖ്യാപനവും.