മുംബൈ നാവികസേനാ ഡോക്ക്‌യാർഡിൽ ചാരവൃത്തി: 90-ഓളം വീഡിയോകൾ പകർത്തിയ 21-കാരൻ അറസ്റ്റിൽ

മുംബൈയിലെ നാവികസേനാ ഡോക്ക്‌യാർഡിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ 90-ഓളം വീഡിയോകൾ പകർത്തിയെന്ന കേസിൽ ചാരവൃത്തി ആരോപിച്ച് 21-കാരനായ ട്രെയ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുമാരെന്ന് സംശയിക്കുന്നവരുമായി ഇയാൾ ഗ്രൂപ്പ് കോളുകളിൽ പങ്കെടുത്തതായും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

 

മുംബൈ: മുംബൈയിലെ നാവികസേനാ ഡോക്ക്‌യാർഡിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ 90-ഓളം വീഡിയോകൾ പകർത്തിയെന്ന കേസിൽ ചാരവൃത്തി ആരോപിച്ച് 21-കാരനായ ട്രെയ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുമാരെന്ന് സംശയിക്കുന്നവരുമായി ഇയാൾ ഗ്രൂപ്പ് കോളുകളിൽ പങ്കെടുത്തതായും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

ഡോക്ക്‌യാർഡിലെ അപ്രന്റീസായ ബണ്ടി രാംപ്രകാശ് മീണയാണ് പിടിയിലായത്. കൊളാബയിലെ ബധ്വാർ പാർക്ക് സ്വദേശിയായ ഇയാളെ ഭാരതീയ ന്യായ സംഹിത (BNS), ഔദ്യോഗിക രഹസ്യനിയമം, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരം കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതെന്ന് വ്യക്തമാക്കിയത്.

'നാട്ടു3' (Nattu3) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും, പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് നമ്പറിലൂടെയുമാണ് മീണ ബന്ധപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കപ്പൽ അറ്റകുറ്റപ്പണി കമ്പനികളിലെ ജീവനക്കാരെന്ന വ്യാജേന ചിലർ ഡോക്ക്‌യാർഡിൽ എത്തുന്ന നാവികസേനാ കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് സംശയിക്കുന്നു. മീണയുടെ ബന്ധങ്ങൾ, ആശയവിനിമയങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഗ്രൂപ്പ് കോളുകളിൽ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.