അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു :രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് മരവിപ്പിച്ചു
രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നാലാഴ്ചത്തേക്ക് റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ചാനലുകൾ അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.
ന്യൂഡൽഹി: രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നാലാഴ്ചത്തേക്ക് റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ചാനലുകൾ അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.
നാലാഴ്ചത്തേക്ക് ചാനലുകളുടെ റേറ്റിങ് നിർത്തിവെക്കാൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് (ബാർക്ക്) വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം നിർദേശം നൽകി.പൊതുജനങ്ങളിൽ അനാവശ്യ ഭീതിപരത്തുംവിധം അതിവൈകാരികതയും ഊഹാപോഹങ്ങളും കലർത്തി പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുന്നു. ചാനലുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി പ്രചാരം കൂട്ടാനാണ് സെൻസേഷണൽ ഉള്ളടക്കം റിപ്പോർട്ടിങ്ങിൽ കലർത്തുന്നത് – മന്ത്രാലയം വിലയിരുത്തി.
കാഴ്ചക്കാരുടെ എണ്ണത്തെ കണക്കാക്കി റേറ്റിങ് നിശ്ചയിക്കുന്നത് നിശ്ചിതകാലത്തേക്ക് മരവിപ്പിക്കുമ്പോൾ, ചാനലുകൾക്കിടയിലെ സമ്മർദവും കിടമത്സരവും ഒഴിവാകുമെന്നാണ് വിലയിരുത്തൽ. നാലാഴ്ച ചാനലുകളെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കും.