22 വർഷത്തെ ബഹിരാകാശ ദൗത്യത്തിന് അന്ത്യം; നാസയുടെ സ്വിഫ്റ്റ് ദൂരദർശിനി ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തിയമർന്നു
പ്രപഞ്ചത്തിലെ അതിശക്തമായ ഊർജവിസ്ഫോടനങ്ങളെക്കുറിച്ച് പഠിച്ചിരുന്ന നാസയുടെ സ്വിഫ്റ്റ് ബഹിരാകാശ ദൂരദർശിനി 22 വർഷത്തെ പ്രവർത്തനത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി.
പ്രപഞ്ചത്തിലെ അതിശക്തമായ ഊർജവിസ്ഫോടനങ്ങളെക്കുറിച്ച് പഠിച്ചിരുന്ന നാസയുടെ സ്വിഫ്റ്റ് ബഹിരാകാശ ദൂരദർശിനി 22 വർഷത്തെ പ്രവർത്തനത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി. നവംബർ 4-ന് ഇന്തോനേഷ്യയ്ക്ക് മുകളിലൂടെയാണ് ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. അന്തരീക്ഷത്തിലെ ഘർഷണത്തെ തുടർന്നുണ്ടായ ഉയർന്ന താപനിലയിൽ ഉപഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തിയമർന്നതായാണ് നാസയുടെ വിവരം.
2004-ലാണ് സ്വിഫ്റ്റ് ദൗത്യം ആരംഭിച്ചത്. വെറും രണ്ട് വർഷത്തെ പ്രവർത്തനകാലമാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏകദേശം 22 വർഷത്തോളം ഉപഗ്രഹം ശാസ്ത്രലോകത്തിന് വിലപ്പെട്ട വിവരങ്ങൾ കൈമാറി. ഗാമാ റേ ബേസ്റ്റുകൾ എന്നറിയപ്പെടുന്ന പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ഊർജവിസ്ഫോടനങ്ങൾ നിരീക്ഷിക്കുന്നതായിരുന്നു പ്രധാന ലക്ഷ്യം. നക്ഷത്രങ്ങളുടെ പൊട്ടിത്തെറികൾ, തമോഗർത്തങ്ങൾ, മറ്റ് ബഹിരാകാശ പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളിലും ഇത് നിർണായക സംഭാവന നൽകി.
ഉപഗ്രഹത്തിന്റെ പ്രവർത്തനകാലം നീട്ടുന്നതിനായി നാസ രക്ഷാദൗത്യം ആസൂത്രണം ചെയ്തിരുന്നെങ്കിലും അതും വിജയിച്ചില്ല. ഭൂമിയിലേക്ക് തിരിച്ചെത്തിയ ഉപഗ്രഹത്തിന്റെ ചില സാന്ദ്രമായ ഭാഗങ്ങൾ അന്തരീക്ഷത്തിൽ പൂർണമായി കത്താതെ അവശേഷിച്ചിരിക്കാമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഭൂമിയിൽ നാശനഷ്ടങ്ങളോ ആളുകൾക്ക് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായത്തിനാണ് ഇതോടെ അവസാനമായത്.