'പ്രധാനമന്ത്രിയാകാൻ ലഭിച്ച അവസരം നിരസിച്ച സോണിയ 'സൂപ്പർ പ്രധാനമന്ത്രി'യായി മാറുകയായിരുന്നു' ; സോണിയയെ പരിഹസിച്ച് ബിജെപി

ഒന്നാം യുപിഎ സർക്കാരിൽ പ്രധാനമന്ത്രി പദം നിരസിച്ചതുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രിയാകാൻ ലഭിച്ച അവസരം നിരസിച്ച സോണിയ 'സൂപ്പർ പ്രധാനമന്ത്രി'യായി മാറുകയായിരുന്നു എന്നായിരുന്നു ബിജെപി എംപി സുധാൻഷു ത്രിവേദി പറഞ്ഞത്.

 

 ന്യൂഡൽഹി: ഒന്നാം യുപിഎ സർക്കാരിൽ പ്രധാനമന്ത്രി പദം നിരസിച്ചതുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രിയാകാൻ ലഭിച്ച അവസരം നിരസിച്ച സോണിയ 'സൂപ്പർ പ്രധാനമന്ത്രി'യായി മാറുകയായിരുന്നു എന്നായിരുന്നു ബിജെപി എംപി സുധാൻഷു ത്രിവേദി പറഞ്ഞത്. പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി വക്താവ്. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey Of Love) എന്ന പുസ്തകത്തിലെ പരാമർശത്തെയാണ് പരിഹസിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

പുസ്തകത്തെ കുറിച്ചും സോണിയ പ്രധാനമന്ത്രി പദം നിരസിച്ചതിനെ കുറിച്ചുമുള്ള ചോദ്യത്തിന് 'പ്രധാനമന്ത്രി പദം നിരസിച്ച് സൂപ്പർ പ്രധാനമന്ത്രിയായത് മഹത്തരമായ ഒരു ത്യാഗമായിരുന്നു' (What a super sacrifice it was that she became super PM leaving the PM's post) എന്നായിരുന്നു ത്രിവേദിയുടെ പരാമർശം.

'പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനം ഏറ്റെടുക്കുന്ന തരത്തിലുള്ള ത്യാഗത്തിന്റെ ഉദാഹരണം ലോകത്ത് മറ്റെവിടെയും കാണാനാകില്ല. ദേശീയ ഉപദേശക സമിതി (എൻഎസി) അധ്യക്ഷ സ്ഥാനം കാബിനറ്റ് പദവിയുള്ളതായിരുന്നു. അതും ലാഭകരമായ പദവി (Office of Profit). അതായത്, സാമ്പത്തിക നേട്ടം ലഭിക്കുന്ന കാബിനറ്റ് പദവിയാണ് അവർ സ്വന്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ സോണിയയ്ക്ക് രാജിവെക്കേണ്ടിവന്നു. തെരഞ്ഞെടുപ്പിന് ശേഷം അവർക്ക് വീണ്ടും ആ സ്ഥാനത്തേക്ക് മടങ്ങിയെത്താനാകുന്നതിന് മുമ്പ്, അവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മൻമോഹൻ സിങ് സർക്കാർ ചട്ടങ്ങളിൽ മാറ്റം വരുത്തി. എൻഎസി അധ്യക്ഷ സ്ഥാനത്തെ ലാഭകരമായ പദവിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു,' ബിജെപി നേതാവ് പറഞ്ഞു.