ലഡാക്കിന്റെ സംസ്ഥാന പദവിയും ഭരണഘടന സംരക്ഷണവും ആവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാൻ സോനം വാങ്ചുക്

ലഡാക്കിന്റെ സംസ്ഥാന പദവിയും ഭരണഘടന സംരക്ഷണവും ആവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാൻ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നത്.

 

 കാർഗിൽ: ലഡാക്കിന്റെ സംസ്ഥാന പദവിയും ഭരണഘടന സംരക്ഷണവും ആവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാൻ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നത്. ഒരാഴ്ചയ്ക്കകം അനുകൂലമായ ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ പുതിയ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 19 മുതൽ 24 വരെ ലഡാക്കിൽ പദയാത്രയും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം.

പ്രസ്തുത വിഷയത്തിൽ ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചകളിൽ കേന്ദ്രസർക്കാർ കൃത്യമായ കരട് രേഖയോ വ്യക്തതയോ അവതരിപ്പിക്കാത്തതിൽ ലഡാക്ക് പ്രതിനിധികൾ കടുത്ത നിരാശ രേഖപ്പെടുത്തി. ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംരക്ഷണം, സംസ്ഥാന പദവി, ലഡാക്ക് അസംബ്ലിയുടെ അധികാരങ്ങൾ എന്നിവ സംബന്ധിച്ച് ഒരു വർഷമായി മൂന്ന് കരടുകൾ നൽകിയിട്ടും കേന്ദ്രം ഒന്നുപോലും തിരികെ നൽകിയില്ലെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെ.ഡി.എ) ലെ അപെക്സ് ബോഡിയും (എൽ.എ.ബി) കുറ്റപ്പെടുത്തി.

ചർച്ചകൾ ചായസൽക്കാരത്തിനപ്പുറം യാതൊരു പുരോഗതിയും ഉണ്ടാക്കിയില്ലെന്ന് സോനം വാങ്ചുക് പരിഹസിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിർണായക ആവശ്യങ്ങളിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് ഉറപ്പ് നൽകണമെന്നാണ് സമരക്കാരുടെ മുഖ്യ ലക്ഷ്യം.

ലഡാക്കിന് കൂടുതൽ സ്വയംഭരണാധികാരം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബറിലും സമരമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വാങ്ചുകിനെ കസ്റ്റഡിയിലെടുത്തിരുന്നു. ദീർഘ കാലമായുള്ള ആവശ്യങ്ങൾക്ക് ശാശ്വതമായ പരിഹാരത്തിനുവേണ്ടിയാണ് പുതിയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നത്.