സിക്കിമിലെ മണ്ണിടിച്ചിൽ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

 

ഗാങ്‌ടോക്ക്: സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റി. രണ്ട് ദിവസത്തിനുളളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ ഇനിയും അഞ്ചുപേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നതായി ഇന്ത്യൻ കരസേന അറിയിച്ചിട്ടുണ്ട്.

അതേസമയം ജൂൺ ഒന്നിന് ചാറ്റെനിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ ഇതുവരെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കനത്ത മഴയിൽ സിക്കിമിലെ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇത് മേഖലയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. തുടർന്ന് 1,600-ലധികം വിനോദസഞ്ചാരികൾ ലാചെൻ, ലാച്ചുങ്, ചുങ്താങ് പട്ടണങ്ങളിൽ ദിവസങ്ങളോളം കുടുങ്ങിപ്പോയിരുന്നു. ഇവരെ പിന്നീട് സർക്കാർ രക്ഷപ്പെടുത്തി.

ഇന്ത്യൻ സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌ആർ‌എഫ്), ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി‌ആർ‌ഒ), മംഗൻ ജില്ലാ ഭരണകൂടം എന്നിവർ ദിവസങ്ങളോളം രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും നടത്തി. കുടുങ്ങിക്കിടന്ന എല്ലാ വിനോദസഞ്ചാരികളെയും നാട്ടുകാരെയും രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.